കൊഹിമ: നാഗാലാൻഡിൽ പട്ടിയിറച്ചി വിൽപ്പനയ്ക്ക് നിരോധനം. നാഗാലാൻഡ് സർക്കാരാണ് ഇറച്ചിക്കായി പട്ടികളെ വിൽക്കുന്നതിൽ നിരോധനം കൊണ്ടുവന്നത്. പട്ടികളോടുള്ള ക്രൂരതയ്ക്കെതിരെ വിമർശനം ശക്തമായതോടെയാണ് നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ടെംജെൻ ടോയ് ആണ് പട്ടിയിറച്ച് നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്.
പാകം ചെയ്തതും അല്ലാത്തതുമായ പട്ടിയിറച്ചി വിൽപ്പനയും പട്ടിക്കച്ചവടവും വ്യാവസായികാടിസ്ഥാനത്തിൽ പട്ടിളെ ഇറക്കുമതി ചെയ്യുന്നതുമാണ് നിർത്തലാക്കിയത്. മൃഗസംരക്ഷണ സംഘടനകളുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് ഇതോടെ വിജയം കണ്ടത്. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്‌ഷൻ ഓർഗനൈസേഷൻ പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു നിവേദനം നൽകിയിരുന്നു.
ദിമാപുരിലെ ചന്തകളിൽ പട്ടികളെ വിൽക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ കവിയും രാജ്യസഭാ മുൻ എം.പി.യുമായ പ്രിതീഷ് നന്ദി ട്വിറ്ററിൽ ഈ വിഷയം ചർച്ചയ്ക്കിടുകും ഇതിനെതിരേ പ്രതികരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തി നിരോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കൂട്ട ഇ-മെയിൽ അയക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates