

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്ത, ലോകത്തെ ഏറ്റവും ഉയരമുളള ഏകതാ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് റെക്കോഡ് വേഗത്തില്‍ 33 മാസം കൊണ്ട്. ഏകതയുടെ പര്യായം എന്ന പേരില്‍ 2013 ഒക്ടോബര്‍ 31നാണ് പ്രതിമയുടെ ശിലയിടല്‍ കര്‍മ്മം നിര്‍വഹിച്ചത്.
ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി പൊക്കമാണ് ഏകതാ പ്രതിമയ്ക്കുള്ളത്. നര്‍മ്മദ അണക്കെട്ടിന് സമീപം തീര്‍ത്ത എന്‍ജിനീയറിങ് അത്ഭുതം എന്നതിനുമപ്പുറം ചുരുങ്ങിയ കാലം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ഇതിന്റെ സവിശേഷത. 182 മീറ്റര്‍ ഉയരമുളള പ്രതിമയുടെ നിര്‍മ്മാണം 33 മാസം കൊണ്ടാണ് പൂര്‍ത്തിയായത്. ചൈനയിലെ പ്രമുഖ നിര്‍മ്മിതിയായ ബുദ്ധ സ്റ്റാച്യൂവിന്റെ നിര്‍മ്മാണത്തിന് 11 വര്‍ഷമാണെടുത്തത്.
പ്രമുഖ കമ്പനിയായ എല്‍ആന്‍ഡ്ടിക്ക് ആയിരുന്നു നിര്‍മാണ ചുമതല. 2989 കോടി രൂപയാണ് നിര്‍മാണ ചെലവ്. 1700 ടണ്‍ വെങ്കലമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. കോണ്‍ക്രീറ്റ് സിമന്റിന് പുറമേ റീഇന്‍ഫോഴ്‌സ്ഡ് സ്റ്റീല്‍ ഉള്‍പ്പെടെ ആധുനിക നിര്‍മ്മാണ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഹൃദയഭാഗം വരെ പോകാന്‍ കഴിയുന്ന വിധമുളള എലിവേറ്റര്‍ സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 200 വിനോദസഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമേ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമ കേന്ദ്രീകരിച്ച് ഹോട്ടല്‍, മ്യൂസിയം, ഓഡിയോ വിഷ്യല്‍ ഗ്യാലറി എന്നി സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെ പോലും അതിജീവിക്കാന്‍ കഴിയുന്ന വിധമാണ് പ്രതിമയുടെ നിര്‍മ്മാണരീതി. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തുന്ന ഭൂചലനത്തെ വരെ പ്രതിരോധിക്കാനുളള സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates