

ബംഗലൂരു: കര്‍ണാടകയില്‍ പതിനൊന്ന് ഭരണകക്ഷി എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയില്‍. പതിനൊന്ന് പേര്‍ രാജിക്കത്ത് നല്‍കിയത് സ്പീക്കര്‍ രമേഷ് കുമാര്‍ സ്ഥിരീകരിച്ചു. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ സെക്രട്ടറിക്കാണ് ഇവര്‍ രാജിക്കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ആറ് എംല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ രാജ് ഭവനിലെത്തി. കോണ്‍ഗ്രസിലെയും ജെഡിഎസിലെയും മൂന്നുപേര്‍ വീതമാണ് ഗവര്‍ണറെ കാണാനെത്തയത്. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിക്കത്ത് നല്‍കിയത്.
ആരും രാജിവച്ചിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് എംഎല്‍എമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചിതായി സ്പീക്കര്‍ സ്ഥിരീകരിച്ചത്. നേതാക്കളെ അനുനയിപ്പിക്കാന്‍ ഡികെ ശിവകുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്ത്ര മന്ത്രിയായിരുന്ന രാമലിംഗറെഡ്ഡിയും വിമത എംഎല്‍എമാര്‍ക്കൊപ്പമുണ്ട്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരില്‍ സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായിരുന്നു റെഡ്ഡി. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെഡിഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച് വിശ്വനാഥും രാജിവെക്കാന്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു.
അതിനിടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇപ്പോള്‍ വിദേശത്താണ്. അതേസമയം സര്‍ക്കാര്‍ വീണാല്‍ പകരം സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ബിജെപി ക്യാംപും തയ്യാറെടുപ്പുകള്‍ നടത്തിതുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്, രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു. ഇതോടെ ഭരണമുന്നണിയുടെ അംഗബലം 116 ആയി ചുരുങ്ങിയിരുന്നു. 113 ആണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട കേവല ഭൂരിപക്ഷം. 224 അംഗ സഭയില്‍ കോണ്‍ഗ്രസിന് ആനന്ദ് സിങും ജാര്‍ക്കിഹോളിയും അടക്കം 79 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ജെഡിഎസിന് 37 പേരും. ബിജെപിക്ക് 105 എംഎല്‍എമാരുമാണുള്ളത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates