

ഹൈദരാബാദ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത് വന്നതിനെ തുടർന്ന് 25 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് പത്ത് ദിവസത്തിനിടെ 25 വിദ്യാർത്ഥികൾ ജീവനൊടുക്കിയത്. സ്വകാര്യ ഏജൻസിയുടെ മേൽനോട്ടത്തിൽ നടന്ന ഇന്റർമീഡിയറ്റ് പരീക്ഷയിൽ 9.7 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3.28 ലക്ഷം വിദ്യാർഥികളും (33 ശതമാനം) പരാജയപ്പെടുകയായിരുന്നു.
പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് ആണ് കൂട്ടത്തോൽവിക്ക് കാരണം. 99 മാർക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാർഥിക്ക് ലഭിച്ചത് പൂജ്യം മാർക്ക്. നവ്യ എന്ന 12-ാം ക്ലാസ് വിദ്യാർഥിനിക്കാണ് 99 മാർക്കിനു പകരം പൂജ്യം ലഭിച്ചത്. ഇതിനെതിരെ ശക്തമായ വിമർശം ഉയർന്നതോടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപികയെ തെലുങ്കാന ഇന്റർമീഡിയറ്റ് ബോർഡ് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു.
പരീക്ഷകളിലെ കൂട്ടത്തോൽവിയെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധങ്ങളെ തുടർന്ന് പരീക്ഷയിൽ പരാജയപ്പെട്ട എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി പുനർമൂല്യനിർണയം നടത്താനുള്ള അവസരം നൽകുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. കൂട്ടത്തോല്‍വി അന്വേഷിക്കുന്നതിനായി നിലവില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഗുഡ് ഗവര്ണന്സ് ആയിരുന്നു ഫലം തയാറാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ സ്വകാര്യ ഏജന്‍സിയായ ഗ്ലോബറേന ടെക്നോളജീസ് എന്ന കമ്പനിക്കാണ് ചുമതല നൽകിയത്. ടിആർഎസ് നേതൃത്വത്തിന് ബന്ധമുള്ള സ്ഥാപമാണ് ഗ്ലോബറേനയെന്നും ഇത്രയും കുട്ടികളുടെ ഫലം തയാറാക്കാനുള്ള സാങ്കേതിക പരിചയം കമ്പനിക്ക് ഇല്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates