ന്യൂഡൽഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണയിൽ രാജ്യം. കാർഗിലിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയക്കൊടി പാറിച്ചിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നു. പാക്കിസ്ഥാനെതിരായ യുദ്ധത്തിനൊടുവില്‍ 1999 ജൂലൈ 26 നാണ് ഇന്ത്യ വിജയം പ്രഖ്യാപിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന് പട്ടാളത്തെയും തുരത്തിയായിരുന്നു ഇന്ത്യന്‍ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. അന്ന് മുതല്‍ ജൂലൈ 26 ഇന്ത്യന്‍ ജനത കാര്‍ഗില്‍ വിജയ ദിവസമായി ആചരിച്ച് വരികയാണ്.
പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. രണ്ടര മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചത്.കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്‍ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും സൈന്യം പിന്‍വാങ്ങാറുണ്ട്.
ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറുകയായിരുന്നു. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു. നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തില്‍ മാത്രമാണ്. താഴ്‍വരയിലെ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റെമെന്ന് കരുതിയ ഇന്ത്യന്‍ സൈന്യം, ഇവരെ വേഗത്തില്‍ തുരുത്താമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ തന്ത്രപ്രധാന മേഖലകളായ ദേശീയപാത ഒന്ന് മേഖലയിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സും പിടിച്ചെടുത്തായിരുന്നു പാകിസ്ഥാന്‍റെ രഹസ്യനീക്കം. ഇന്ത്യൻ സൈന്യം നടത്തിയ നിരീക്ഷണത്തിൽ, കാർഗിൽ മുതൽ ലഡാക്ക് വരെയുള്ള മിക്ക മലനിരകളും ശത്രുവിന്റെ കൈവശമാണെന്നു ബോധ്യപ്പെട്ടു. ഇതോടെ ചതി മനസ്സിലാക്കിയ ഇന്ത്യൻ സൈന്യം പ്രത്യാക്രമണത്തിന് തയ്യാറെടുത്തു. ‘ഓപറേഷൻ വിജയ്’ എന്ന പേരിൽ വിപുലമായ സൈനിക നടപടി തുടങ്ങി.
1999 മേയ് അഞ്ചിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. പ്രത്യാക്രമണത്തിന് വ്യോമസേനയുടെ കൂടി സഹായം വേണമെന്ന് കരസേന മേധാവി വി പി മാലിക് ആവശ്യപ്പെട്ടു. വ്യോമസേനയെ ഉപയോഗിച്ചാൽ യുദ്ധം വിപുലമാവുമെന്നും പൂർണ യുദ്ധമുണ്ടായേക്കുമെന്നും വ്യോമസേനാ മേധാവി അനിൽ ടിപ്നിസ് ആശങ്കപ്പെട്ടു. എന്നാൽ യുദ്ധത്തിന് വ്യോമസേനയുടെ കൂടി സഹായം ലഭ്യമാക്കാൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തീരുമാനിച്ചു.
തുടക്കത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര,വ്യോമ സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. തന്ത്രപ്രധാന പാതകള്‍ ഇന്ത്യന്‍ സൈന്യം ആദ്യം പിടിച്ചെടുത്തു. ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക് യുദ്ധമുന്നണിയില്‍ കനത്ത നാശം വിതച്ചു.
മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു മരിച്ചു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ഒടുവില്‍ 1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചു. കാർഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates