

പനാജി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ പിതാവിന്റെ പാപങ്ങളിൽ ഉഴറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാൽ കരാറുമായി ബന്ധപ്പെട്ട പുറത്തുവന്ന രഹസ്യരേഖകൾ പരിശോധിക്കാമെന്ന സുപ്രീം കോടതി വിധി മുൻ നിർത്തി രാഹുൽ നടത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു മോദി. പനാജിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി രാജീവ് ഗാന്ധിയെ പരാമർശിച്ച് പ്രതികരണം നടത്തിയത്.
ചില സമയങ്ങളിൽ താൻ ആലോചിക്കാറുണ്ട് എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയും നുണകൾ പറയുന്നത്? ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട പിതാവിന്റെ പാപം അയാളുടെ മനസിനെ അലട്ടുന്നുണ്ടെന്നാണ് സംശയിക്കുന്നത്. അവ കഴുകിക്കളയാൻ, അദ്ദേഹം മറ്റുള്ളവരിൽ അതേ പാപങ്ങൾ ആരോപിക്കുകയാണ്- മോദി പറഞ്ഞു.
നേരത്തെ കാവൽക്കാരൻ കള്ളനാണെന്ന് കോടതിയും അംഗീകരിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് നരേന്ദ്രമോദിയെ താന്‍ വെല്ലുവിളിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.സുപ്രിംകോടതി നിയമതത്വം ഉയര്‍ത്തിപ്പിടിച്ചെന്ന് സുപ്രിംകോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുപ്രധാന രേഖകള്‍ പോലും കോടതിയില്‍ നിന്ന് മറച്ചുവെച്ചു. സത്യം മറയ്ക്കാന്‍ നൂറു കള്ളങ്ങള്‍ മോദി പറഞ്ഞു. ഒടുവില്‍ സത്യം പുറത്തുവന്നുവെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
ഔദ്യോഗിക രഹസ്യനിയമത്തിന്റെ മറവില്‍ മോദിക്ക് അഴിമതി മറച്ചുവെക്കാനാവില്ല. മോദിയുടെ കള്ളത്തരം പൊളിഞ്ഞുവെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി. മോദിക്ക് റഫാല്‍ ഇടപാടില്‍ പങ്കുണ്ടെന്ന സത്യം തെളിയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് പറഞ്ഞു. ഇടപാടില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രിംകോടതി തള്ളിയിരുന്നു. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചത് മോഷ്ടിച്ച രേഖകളാണെന്നും, ഇത് പരിഗണിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി.
അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച രേഖകള്‍ അടക്കം എല്ലാ രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ രേഖകള്‍ പരിശോധിക്കും. പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രിംകോടതി പിന്നീട് വ്യക്തമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates