ലക്‌നൗ: അമേരിക്കയില്‍ ഉപരിപഠനം ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി റോഡപകടത്തില്‍ മരിച്ചു. ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത രണ്ടു ചെറുപ്പക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് 20കാരിക്ക് അപകടം ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. 2018ല്‍ പ്ലസ്ടുവിന് 98 ശതമാനം മാര്‍ക്ക് നേടി വാര്‍ത്തകളില്‍ ഇടംപിടിച്ച സുദേക്ഷ ഭാട്ടി സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മുഴുവന്‍ സമയ സ്‌ളോര്‍ഷിപ്പ് പഠനത്തിനായി അമേരിക്കയില്‍ പോയ 20കാരി ജൂണിലാണ് നാട്ടിലേക്ക് തിരിച്ചുവന്നത്. അമേരിക്കയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഓഗസ്റ്റില്‍ തിരികെ പോകാന്‍ ഇരിക്കേയാണ് അപകടം ഉണ്ടായത്. അമേരിക്കയിലെ ബാബ്‌സണ്‍ കോളജിലാണ് ഉപരിപഠനം.
തിങ്കളാഴ്ചയാണ് അപകടം നടന്നത്. അക്കാദമിക പഠനവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ വാങ്ങുന്നതിന് അമ്മാവന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം നടന്നത്. മറ്റൊരു ബൈക്കില്‍ വന്ന രണ്ടുപേര്‍ അസഭ്യം പറയുകയും അശ്രദ്ധമായി വാഹനം ഓടിക്കുകയും ചെയ്തതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
'നിരവധി തവണ തങ്ങളുടെ വാഹനത്തെ വെട്ടിച്ച് കടന്നുപോയ ബൈക്ക് യാത്രികര്‍ അശ്രദ്ധമായാണ് വാഹനം ഓടിച്ചത്. തങ്ങളെ തുടര്‍ച്ചയായി പിന്തുടര്‍ന്ന യുവാക്കള്‍ റോഡില്‍ അഭ്യാസപ്രകടനവും നടത്തി. അതിനിടെ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സംഭവം നടന്ന് ഉടനെ തന്നെ ബൈക്കില്‍ ഉണ്ടായിരുന്നവര്‍ കടന്നുക്കളഞ്ഞു'- ബന്ധുക്കള്‍ ആരോപിക്കുന്നു. വണ്ടിയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് 20കാരി മരിച്ചത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
