

ന്യൂഡൽഹി: പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനവും ‘പൊതുസ്ഥലം’ എന്ന നിർവചനത്തിൽ വരുമെന്ന് സുപ്രിം കോടതി. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും കോടതി ഉത്തരവിട്ടു. പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുർബലപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രിംകോടതി ബെഞ്ചിന്റെ വിധി.
2016 ൽ ജാർഖണ്ഡിൽ നിന്നു ബിഹാറിലേക്കു സ്വന്തം കാറിൽ വരുംവഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ടയാൾ പട്ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ‘സ്വകാര്യ വാഹനത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ മറ്റുള്ളവർക്ക് അവകാശമില്ല. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് താൻ മദ്യപിക്കുകയോ മദ്യം കൈവശം വയ്ക്കുകയോ ചെയ്തിരുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനമാണെങ്കിൽ തീർച്ചയായും ഇടപെടാം എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. 2016 ലെ ബിഹാർ എക്സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates