

കോൽക്കത്ത: ബിജെപി പൊതുയോഗത്തിൽ പൊലീസിനും തൃണമൂൽ കോൺഗ്രസിനുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ കേസെടുത്തു. പൊലീസിനെയും തൃണമൂൽ പ്രവർത്തകരെയും തല്ലുകയും എറിയുകയും ചെയ്യണമെന്നും അതിന്റെ ഉത്തരവാദിത്തം താൻ ഏൽക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കിഴക്കൻ മിഡ്നാപൂരിലെ മച്ചേദയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.
പൊലീസുകാരെ നഗ്നരാക്കി പരസ്യമായി തല്ലുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹം മുൻ കേന്ദ്രമന്ത്രി ചിംദബരത്തെ അഴിക്കുള്ളിലാക്കാമെങ്കിൽ പ്രാണികളെയും കൊതുകിനെയും പോലെ തൃണമൂൽ കോൺഗ്രസ് വെറും നിസാരമാണെന്നും പറഞ്ഞു.
"നിങ്ങൾ അവരെ തല്ലിയില്ലെങ്കിൽ നിങ്ങൾ യഥാർഥ ബിജെപിക്കാരനല്ല. രാജ്യത്ത് പലരെയും പാഠംപഠിപ്പിക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. എല്ലാം ഒരു നോട്ട്ബുക്കിലോ മറ്റോ എഴുതിക്കോ. മാറ്റം വരുകയാണ്. വളരെ സൂക്ഷിച്ചോ. നിങ്ങളോരു ടിഎംസി നേതാവോ പ്രവർത്തകനോ പൊലീസുകാരനോ ആകാം, ഒന്നിനെയും വെറുതെവിടില്ല", ഘോഷ് പറഞ്ഞു.
"കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമായിരുന്ന ആൾക്ക് ഇന്ന് കുളിക്കാനോ കിടക്കാനോ ഇടമില്ല. അദ്ദേഹം ആയിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചു. ഇന്ന് അദ്ദേഹം വെറും തറയിൽ കിടന്നുറങ്ങുന്നു. നിങ്ങൾ ഞങ്ങൾക്ക് വെറും കീടങ്ങളും കൊതുകുമാണ്", ഘോഷ് പറഞ്ഞു.
പ്രസംഗം വിവാദമായതോടെ പൊതുപ്രവർത്തകർക്കും പൊലീസിനുമെതിരെ അക്രമത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് പൊലീസ് ഘോഷിനെതിരെ കേസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates