

തൂത്തുക്കുടി: വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിരുദ്ധ യൂണിറ്റിന് നേരെ നടന്ന പൊലീസ് വെടിവയ്പ്പില്‍ പ്രധാനപ്പെട്ട നേതാക്കളെ തെരഞ്ഞുപിടിച്ചു വെടിവയ്ക്കുകയായിരുന്നുവെന്ന ആരോപണവുമായി സമരസമിതി. ഗുരുതരമായ ആരോപണങ്ങളാണ് സര്‍ക്കാരിനും പൊലീസിനുമെതിരെ സമരസമിതി നടത്തിയിരിക്കുന്നത്.
തലയിലും വയറിലുമായി വെടിയേറ്റു മരിച്ച നാലുപേര്‍ സമരത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നവരായിരുന്നു. സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിന്റെ സംഘാടകനായ തമിഴരസന്‍, മധ കോയില്‍ മേഖല സംഘാടകന്‍ സ്‌നോളിന്‍, ദാമോദര്‍ നഗര്‍ മേഖല സംഘാടകന്‍ മണിരാജ്, മേട്ടുപ്പെട്ടി മേഖല സംഘാടകന്‍ ഗ്ലാഡ്‌സണ്‍ എന്നിവരാണ് കൊല്ലപ്പെട്ട നേതാക്കള്‍.
തമിഴരസനും സ്‌നോളിനും വെടിവയ്പ്പുകാരില്‍ നിന്നും വളരെ അകലെയായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടത്താനായി പൊലീസ് ഇവരെ കലക്ടറേറ്റിലേക്ക് ക്ഷണിച്ച് മുന്‍നിരയിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെടിവയപ്പ് നടന്നത്. ഇത് സംശയാസ്പദമാണ് എന്നാണ് സമരസമിതി ആരോപിക്കുന്നത്.
എന്നാല്‍ ഗൗരവതരമായ ഈ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. നേതാക്കളെ അമര്‍ച്ച ചെയ്ത് സമരം ഇല്ലാതാക്കാനുള്ള കമ്പനിയുടെ പദ്ധതിക്ക് സര്‍ക്കാരും പൊലീസും കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് സമരക്കാര്‍ ശക്തമായി വാദിക്കുന്നു.
സ്‌നോളിനെ വെടിവച്ചത് അദ്ദേഹത്തിന് ഏറ്റവും അടുത്തു നിന്നാണെന്നും 7.2എംഎം ബുള്ളറ്റാണ് ഉപയോഗിച്ചതെന്നും സമരസമിതി പറഞ്ഞു. തൂത്തുക്കുടി എസിപി സെല്‍വനഗരത്തിനം സമരക്കാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നും സമരസമിതി ആരോപിച്ചു. നേതാക്കളെ തുടച്ചുനീക്കിയാലും സ്റ്റെര്‍ലൈറ്റിന് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates