

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ബ്രാഹ്മണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ വാദമുയരുന്നു. ബ്രാഹ്മണ വിഭാഗങ്ങള്‍ നിലവിലെ രാഷ്ട്രീയ നേതൃത്വത്തോട് കടുത്ത അതൃപ്തിയിലാണെന്നും ഇതു മനസിലാക്കി അവരെ ഒപ്പം നിര്‍ത്തണമെന്നും ഈ വാദം ഉന്നയിക്കുന്ന നേതാക്കള്‍ പറയുന്നു.
ബ്രാഹ്മണരെ അവഗണിച്ചതാണ് സംസ്ഥാനത്ത് പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാവാനുള്ള കാരണങ്ങളില്‍ ഒന്നെന്നാണ് ഈ വാദം ഉയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ബ്രാഹ്മണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പാര്‍ട്ടിക്കു കരുത്ത് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഒരു മുന്‍ പിസിസി അധ്യക്ഷന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
''പിന്നാക്ക വിഭാഗങ്ങളോട് ഒപ്പം നില്‍ക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ ബ്രാഹ്മണര്‍ക്കു താത്പര്യമില്ല. ബിഎസ്പിയില്‍നിന്ന് അവര്‍ക്ക് 2007ല്‍ ദുരനുഭവമാണ് ഉണ്ടായത്. ഇപ്പോള്‍ ബിജെപിയും ബ്രാഹ്മണരെ വേണ്ടവിധം പരിഗണിക്കുന്നില്ല. അവര്‍ കൂടുതല്‍ ഒബിസി വിഭാഗങ്ങളിലേക്കു തിരിയുന്നത് ബ്രാഹ്മണരില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതു മനസ്സിലാക്കി കോണ്‍ഗ്രസ് ബ്രാഹ്മണര്‍ക്കു വേണ്ടി നിന്നാല്‍ യുപി രാഷ്ട്രീയം തന്നെ മാറും''- പേരു വെളിപ്പെടുത്താത്ത നേതാവിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് ബ്രാഹ്മണരോടു ചേര്‍ന്നാല്‍ മുസ്ലിംകളില്‍ നല്ലൊരു പങ്കും ഒപ്പം നില്‍ക്കും. ദലിതരും പാര്‍ട്ടിക്കൊപ്പം എത്തുമെന്ന് നേതാവ് പറയുന്നു.
യുപിയില്‍ 1991 വരെ ബ്രാഹ്മണര്‍ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായപ്പോള്‍ എന്‍ഡി തിവാരിയെപ്പോലുള്ള ബ്രാഹ്മണ നേതാക്കളെ അവഗണിച്ചു. ഇതോടെ ബ്രാഹ്മണര്‍ പാര്‍ട്ടിയുമായി അകന്നെന്ന്, ഈ വാദം മുന്നോട്ടുവയ്ക്കുന്നവര്‍ പറയുന്നു. ഇതേ സമയം തന്നെ അയോധ്യാ വിഷയവുമായി ബിജെപി വന്നതോടെ ബ്രാഹ്മണര്‍ ആ പക്ഷത്തേക്കു മാറി.- അവര്‍ പറയുന്നു.
യുപിയിലെ ആദ്യ ബ്രാഹ്മണ മുഖ്യമന്ത്രിമാരെല്ലാം കോണ്‍ഗ്രസില്‍നിന്നായിരുന്നു. ജിവി പന്ത്, സുചേത കൃപലാനി, കമലാപതി ത്രിപാഠി, എച്ച്എന്‍ ബഹുഗുണ, എന്‍ഡി തിവാരി, ശ്രീപതി മിശ്ര എന്നിവര്‍ കോണ്‍ഗ്രസിലൂടെ മുഖ്യമന്ത്രിമാര്‍ ആയവരാണ്. 1989ല്‍ അധികാരം നഷ്ടപ്പെട്ട ശേഷ്ം യുപിയില്‍ കോണ്‍ഗ്രസിന് ശക്തരായ ബ്രാഹ്മണ നേതാക്കളില്ല. ജിതേന്ദ്ര പ്രസാദയും റീത്ത ബഹുഗുണ ജോഷിയും സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയില്‍ വന്നെങ്കിലും അവര്‍ ബ്രാഹ്ണ 'കാര്‍ഡ്' പുറത്തെടുത്തില്ലെന്നും വിലയിരുത്തലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates