ഗാന്ധിയന്‍ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ 'ഐന്‍സ്റ്റീന്‍ ചലഞ്ച്'; ഗാന്ധിയെ സ്മരിച്ച് മോദിയുടെ ലേഖനം

ഗാന്ധിയന്‍ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ 'ഐന്‍സ്റ്റീന്‍ ചലഞ്ച്'; ഗാന്ധിയെ സ്മരിച്ച് മോദിയുടെ ലേഖനം

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം
Published on

ന്യൂഡല്‍ഹി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേഖനം. ഗാന്ധിജിയുടെ 150ാം ജന്മദിനമായ ഇന്നാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 'ഇന്ത്യക്കും ലോകത്തിനും ഗാന്ധി ആവശ്യകതയാകുന്നത് എന്തുകൊണ്ട്' എന്ന തല വാചകത്തിലുള്ള ലേഖനം ന്യൂയോര്‍ക്ക് ടൈംസിന്റെ ഒപ്പീനിയന്‍ പേജിലാണ് പ്രസിദ്ധീകരിച്ചത്. 

'മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഞാനൊരു ടൂറിസ്റ്റായിരിക്കും, എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ഞാനൊരു തീര്‍ത്ഥാടകനാകും' എന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ലേഖനം ആരംഭിക്കുന്നത്. മഹാത്മാ ഗാന്ധിയില്‍ ആകൃഷ്ടനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്ന് മോദി പറയുന്നു. ഗാന്ധിജി അഥവാ ബാപ്പു ആഗോളതലത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് ധൈര്യം പകരുന്നത്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് പ്രതിരോധത്തിന്റെ ഗാന്ധിയന്‍ മാര്‍ഗം പ്രത്യാശ പകരുന്നത്. സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ക്കിടയിലും പാലമാകാന്‍ ഗാന്ധിജിക്ക് സാധിച്ചതായും ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

ദേശീയവാദിയാകാതെ സാര്‍വദേശീയതാവാദിയാകാന്‍ കഴിയില്ലെന്നും ദേശീയതയെ അംഗീകരിക്കുമ്പോള്‍ മാത്രമേ സാര്‍വദേശീയതാവാദം സാധ്യമാകൂ എന്നും ഗാന്ധി യങ് ഇന്ത്യയില്‍ കുറിച്ചത് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ദേശീയത എന്നത് ഗാന്ധി നിര്‍വചിച്ചത് മനുഷ്യകുലത്തിന്റെ സേവനം എന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 

അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് മോദി ഐന്‍സ്റ്റീന്‍ ചലഞ്ചും ലേഖനത്തില്‍ മുന്നോട്ടു വയ്ക്കുന്നു. ഭാവി തലമുറ ഗാന്ധിയന്‍ ആശയങ്ങള്‍ ഓര്‍മിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു ചലഞ്ചെന്ന് മോദി പറയുന്നു. നവീകരണത്തിലൂടെ ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ചിന്തകരെയും സംരംഭകരെയും സാങ്കേതിക നേതാക്കളെയും മോദി ക്ഷണിച്ചു.

ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് മോദി ലേഖനത്തില്‍ വ്യക്തമാക്കുന്നു. 'ഞങ്ങള്‍ ഇന്ത്യക്കാര്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. ദ്രുതഗതിയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങളുടെ ശുചിത്വ പദ്ധതികള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നു. സുസ്ഥിരമായ ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പുനരുപയോഗിക്കാവുന്ന പ്രകൃതി വിഭവമായ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നു. ലോകത്തിനൊപ്പവും ലോകത്തിനു വേണ്ടിയും ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്'- മോദി ലേഖനത്തില്‍ പറയുന്നു.

വെറുപ്പും അക്രമവും ആര്‍ത്തിയും അവസാനിപ്പിച്ച് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലോകത്തെ ക്ഷണിക്കുന്നുവെന്ന് മോദി കുറിച്ചു. 'മറ്റൊരാളുടെ വേദന തന്റെതായി അനുഭവിക്കാന്‍ കഴിയുമ്പോഴും ദുരിതം ഇല്ലാതാക്കുമ്പോഴും ഒരിക്കലും ധിക്കാരിയാകാതിരിക്കുമ്പോഴുമാണ് ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത് എന്നാണ് ഗാന്ധിജിയുടെ ഇഷ്ട ഗീതമായ വൈഷ്ണവ ജന തോയില്‍ പറയുന്നത്. ലോകം അങ്ങേക്ക് മുമ്പില്‍ പ്രണമിക്കുന്നു പ്രിയ ബാപ്പു'- ഇങ്ങനെ കുറിച്ചാണ് പ്രധാനമന്ത്രി ലേഖനം അവസാനിപ്പിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com