

ന്യൂഡല്‍ഹി: ഒരു വിഭാഗത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റൊരു വിഭാഗത്തിന്റെ സഞ്ചരിക്കാനുള്ള അവകാശവുമായി ചേര്‍ന്നുപോവണമെന്ന് സുപ്രീം കോടതി. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ അത് ഹനിക്കപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍, പൗരത്വ നിമയത്തില്‍ പ്രതിഷേധിച്ച് റോഡ് തടസ്സപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്.
നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞു. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്നും അതിനാല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇതില്‍ തീരുമാനം ഉണ്ടാവേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ അഭിപ്രായപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പരമമാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുഹമ്മദ് പ്രാച പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ സമരം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രാച ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ അതു സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കരുതെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞു. എവിടെയാണ് സമരം എന്നതാണ് വിഷയത്തെ പ്രശ്‌നവത്കരിക്കുന്നത്. അതില്‍ ഒരു സംതുലിതമായ നിലപാടു വേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
പ്രതിഷേധത്തിനും കൂടിച്ചേരലിനുമുള്ള അവകാശം നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സമരം ചെയ്യാന്‍ ജന്തര്‍ മന്ദര്‍ പോലുള്ള സ്ഥലങ്ങളുണ്ട്. പൊതു വഴി തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് അനുവദിക്കാനാവില്ല- മേത്ത പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചതിനാല്‍ സമരക്കാരെ നീക്കണമെന്ന ആവശ്യം കാലഹരണപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് കേസില്‍ ഉത്തരവു പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates