

ന്യൂഡല്‍ഹി: ഭീകരവാദപ്രവര്‍ത്തനങ്ങളെ എതിരിടുന്നതില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്താണ് സാമന്ത് കുമാര്‍ ഗോയലിനെയും അരവിന്ദ് കുമാറിനെയും രഹസ്യാന്വേഷണ രംഗത്തെ രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തിച്ചത്. ഇരുവരും 1984 ബാച്ചിലെ ഐപിഎസ് ഓഫീസര്‍മാരാണ്.
2001ലാണ് സാമന്ത് കുമാര്‍ ഗോയല്‍ ആദ്യമായി റോയില്‍ എത്തുന്നത്. പഞ്ചാബിലെ പേരുകേട്ട പൊലീസ് ഓഫീസറായിരുന്ന കെപിഎസ് ഗില്ലിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ച് സിഖ് പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് കൈകാര്യം ചെയ്ത അനുഭവസമ്പത്താണ് ഗോയലിനെ റോയില്‍ എത്തിച്ചത്. ഭീകരവാദത്തിനെതിരായുളള പ്രവര്‍ത്തനങ്ങളില്‍ സദാസമയം മുഴുകിയിരുന്ന ഗോയലിന് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെ കുറിച്ച് അഗാധമായ അറിവുണ്ട്. ഇവയുടെ ഉത്ഭവം, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ഗോയല്‍ ശേഖരിച്ചിട്ടുണ്ട്. അല്‍ഖ്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് പോലുളള ആഗോളഭീകരവാദ സംഘടനകളുടെയും പ്രവര്‍ത്തനം അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതിലും മികച്ച പ്രകടനമാണ് ഇദ്ദേഹം കാഴ്ചവെച്ചിരുന്നത്. രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ലണ്ടനിലും ദുബായിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെയും 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ആസൂത്രകരില്‍ ഒരാളാണ് ഗോയല്‍. പാക്കിസ്ഥാന്‍ കേന്ദ്രമായുളള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുളള എന്‍ഡിഎ സര്‍ക്കാരിന്റെ ശക്തമായ സന്ദേശമായാണ് ഇത് രണ്ടും കണക്കാക്കുന്നത്.
സിബിഐയെ പിടിച്ചുകുലുക്കിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുളള അഴിമതി ആരോപണങ്ങളില്‍ ഗോയലിന്റെ പേരും വലിച്ചിഴക്കപ്പെട്ടിരുന്നു. അഴിമതി ആരോപണങ്ങളില്‍ സിബിഐയില്‍ രണ്ടാമനായിരുന്ന രാകേഷ് അസ്താനയ്ക്ക് എതിരെ അന്ന് ഡയറക്ടറായിരുന്ന അലോക് വര്‍മ്മ അന്വേഷണം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഗോയല്‍ ശ്രമിച്ചു എന്നതായിരുന്നു ആക്ഷേപം. ഇപ്പോള്‍ ഈ ആരോപണങ്ങള്‍ക്ക് എതിരെയുളള മധുരപ്രതികാരമായും റോയുടെ തലപ്പത്തേയ്ക്കുളള കടന്നുവരവിനെ വിലയിരുത്തുന്നുണ്ട്.
ഐബിയില്‍ നീണ്ടക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്താണ് അരവിന്ദ് കുമാറിനെ ഇതിന്റെ തലപ്പത്ത് എത്തിച്ചത്. കശ്മീര്‍, ഇടതുതീവ്രവാദം തുടങ്ങി നിരവധി പ്രതിരോധ ദൗത്യങ്ങളില്‍ ഇദ്ദേഹം പങ്കാളിയായിരുന്നു. ഇടതുതീവ്രവാദം കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്. കശ്മീര്‍ വിദഗ്ധന്‍ എന്ന നിലയിലാണ് ഇദ്ദേഹം ഐബിയില്‍ അറിയപ്പെടുന്നത്. കശ്മീര്‍ താഴവരയില്‍ ഭീകരവാദത്തിനെതിരെയുളള കേന്ദ്രസര്‍ക്കാരിന്റെ നയം ഭംഗിയായി നടപ്പാക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവെച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates