ന്യൂഡൽഹി: കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുതവണ മേഘ്‌വാളിന്റെ കോവിഡ് പരിശോധന നടത്തി. രണ്ടാമത്തെ റിപ്പോർട്ടിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ബികനേറിൽ നിന്നുള്ള ബിജെപി എംപിയാണ് വ്യവസായ-പാർലമെന്ററി കാര്യ സഹമന്ത്രിയായ മേഘ്‌വാൾ. “കോവിഡ്-19 ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനാവുകയും രണ്ടാമത്തെ റിപ്പോർട്ടിൽ പോസിറ്റീവായി കാണപ്പെടുകയും ചെയ്തു. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഞാൻ എയിംസിൽ പ്രവേശിച്ചു. ഞാനുമായി ബന്ധപ്പെട്ട എല്ലാവരോടും അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” മേഘ്‌വാൾ പറഞ്ഞു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
കോവിഡിനെ മറികടക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്ന് പറഞ്ഞ് മേഘ്‌വാൾ വാർത്തകളിൽ നിറഞ്ഞിരുന്ന. കൊറോണ വൈറസിനെതിരെ ആവശ്യമായ ആന്റിബോഡികൾ ഉൽപാദിപ്പിക്കാൻ ഭാഭിജി പപ്പടം കഴിച്ചാൽ മതിയെന്നും ഇതിൽ പ്രതിരോധത്തിന് സഹായകമായ ഘടകങ്ങൾ ഉണ്ടെന്നുമായിരുന്നു വാദം. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates