

മണിപ്പൂര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഐപിഎസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. അറസ്റ്റ് ചെയ്ത മയക്കുമരുന്ന് മാഫിയ തലവനെ വിട്ടയക്കാനായി മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്നാണ് തൗനാവോജാം ബൃന്ദ ഐപിഎസ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ചണ്ടേല്‍ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ച ലുഖോസെനി സൗവിനെതിരെയുള്ള ചാര്‍ജ് ഷീറ്റ് പിന്‍വലിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്ന് ഐപിഎസ് ഓഫീസര്‍ വ്യക്തമാക്കി.
സൗവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതിയെ വിമര്‍ശിച്ച് ഫെയ്്ബുക്ക് പോസ്റ്റിട്ടതിന് കോടതിയലക്ഷ്യ കേസ് നേരിടുകയാണ് ബൃന്ദ്.
2018 ജൂണ്‍ 19ന് രാത്രിയാണ് ബൃന്ദയുടെ നേതൃത്വത്തിലുള്ള നാര്‍ക്കോട്ടിക് ആന്റ് അഫയേഴ്‌സ് ബോര്‍ഡര്‍ ടീം ഇയാളെ അറസ്റ്റ് ചെയ്തത്. 4.595 കിലോ ഹെറോയിനും 2,80,200 ഗുളികകളും 57.18 ലക്ഷം രൂപയും പിടിച്ചെടുത്തു.
ഇതിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വാട്‌സ്ആപ്പ് കോള്‍ എത്തി. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു.
മയക്കുമരുന്ന് ശേഖരമുണ്ടെന്ന വിവവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് താന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സൗ ആദ്യംമുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ താന്‍ അതിന് കൂട്ടാക്കിയില്ല. അറസ്റ്റിന് പിന്നാലെ തന്നെ കാണാനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‌നികുമാര്‍, അറസ്റ്റിലായ എഡിസി ചെയര്‍മാന്‍ മുഖ്യമന്ത്രിയുടെ ഭാര്യയുടെ അടുത്ത ആളാണെന്നും വിട്ടയക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും അസ്‌നികുമാര്‍ പറഞ്ഞു.
എന്നാല്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ വിട്ടയക്കാന്‍ സാധിക്കില്ല എന്നായിരുന്നു തന്റെ മറുപടി. വീണ്ടും മടങ്ങിയെത്തിയ അസ്‌നികുമാര്‍, മുഖ്യമന്ത്രിയും ഭാര്യയും തന്റെ നടപടിയില്‍ ദേഷ്യത്തിലാണെന്നും എത്രയും വേഗം എഡിസി ചെയര്‍മാനെ വിട്ടയക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
മയക്കുമരുന്നു വേട്ടയില്‍ 150ഓളം ഓഫീസര്‍മാര്‍ പങ്കെടുത്തിരുന്നു. നിരവധി സാക്ഷികളുമുണ്ട്. എങ്ങനെയാണ് പ്രതിയെ വിട്ടയക്കുന്നതെന്ന് താന്‍ ചോദിച്ചു. ഇയാള്‍ നിരപരാധിയാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി.
ജോലിയില്‍ സംതൃപ്തയല്ലെങ്കില്‍ ഏപ്പോള്‍ വേണമെങ്കിലും ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തില്‍ താന്‍ മണിപ്പൂരിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രിയുടെ ഭാര്യയുടെ അജണ്ടകള്‍ക്ക് വേണ്ടി തന്റെ കരിയര്‍ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടയക്കില്ലെന്നും ബൃന്ദ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഇംഫാല്‍ വെസ്റ്റ് എസ്പിയും തന്നെ സമീപിച്ചിരുന്നെന്നും ബൃന്ദ വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റ് റദ്ദ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം, ഡിജിപിയും തന്നോട് ആവശ്യപ്പെട്ടെന്ന് ബൃന്ദ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates