

മുംബൈ: ഭീമാ കോറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പുനപ്പരിശോധിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര നടപടിയെച്ചൊല്ലി രാഷ്ട്രീയ വിവാദം. കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മഹരാഷ്ട്രയിലെ വികാസ് അഘാഡി സര്‍ക്കാര്‍ രംഗത്തെത്തി.
തെളിവില്ലാതെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഇന്നലെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി അനില്‍ ദേശ് മുഖ് പറഞ്ഞിരുന്നു. കേസ് അവസാനിപ്പിക്കുകയോ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയോ ചെയ്യുമെന്നും ദേശ്മുഖ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കേസ് ഏറ്റെടുത്തുകൊണ്ട് എന്‍ഐഎയുടെ അറിയിപ്പു വന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ തന്നെ എന്‍ഐഎ നിയമപ്രകാരം കേന്ദ്രത്തിന് അന്വേഷണം ഏറ്റെടുക്കാം.
മഹാരാഷ്ട്രാ സര്‍്ക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഭീമാ കോറെഗാവ് കേസ് ്എന്‍ഐഎ ഏറ്റെടുത്തതെന്ന് അനില്‍ ദേശ്മുഖ് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും അതിനെ അപലപിക്കുന്നതായും ദേശ്മുഖ് പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ കേസെടുത്ത, മുന്‍ ബിജെപി സര്‍ക്കാരിന്റെ നടപടി നേരത്തെ തന്നെ വിവാദമായിരുന്നു. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സല്‍ എന്നു മുദ്രകുത്തി ജയിലില്‍ അടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നായിരുന്നു വിമര്‍ശനം.
2018 ജനുവരി ഒന്നിനാണ് പൂനെയ്ക്കടുത്ത് ഭീമാ കോറെഗാവില്‍ ദലിതുകളും മറാത്തകളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. 1818ലെ ഭീമാ കോറെഗാവ് പോരാട്ടത്തിന്റെ സ്മരണ പുതുക്കാന്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച യോഗത്തോട് അനുബന്ധിച്ചായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനു പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തകരായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, അരുണ്‍ ഫെറേറ, വെര്‍ന്‍ ഗൊണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, വരവര റാവു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates