മകനെ പണയം വച്ചിട്ടും കാര്‍ഷികവായ്പ അടഞ്ഞുതീര്‍ന്നില്ല; കര്‍ഷകന്‍ ജീവനൊടുക്കി

പതിനേഴുകാരനായ മകനെ പണയംവച്ച് കടം വാങ്ങിയിട്ടും മുമ്പുണ്ടായിരുന്ന കാര്‍ഷികവായ്പ അടയ്ക്കാന്‍ സാധിക്കാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
മകനെ പണയം വച്ചിട്ടും കാര്‍ഷികവായ്പ അടഞ്ഞുതീര്‍ന്നില്ല; കര്‍ഷകന്‍ ജീവനൊടുക്കി
Updated on
1 min read

ഭോപാല്‍: പതിനേഴുകാരനായ മകനെ പണയംവച്ച് കടം വാങ്ങിയിട്ടും മുമ്പുണ്ടായിരുന്ന കാര്‍ഷികവായ്പ അടയ്ക്കാന്‍ സാധിക്കാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ പട്ടോഡ എന്ന സ്ഥലത്തെ കാര്‍കുന്ദ് (42) ആണ് ആത്മഹത്യ ചെയ്തത്. സഹകരണ സൊസൈറ്റിയില്‍ നിന്നെടുത്ത രണ്ടരലക്ഷം രൂപ തിരിച്ചടയ്ക്കാനാകാഞ്ഞതിനെ തുടര്‍ന്നായിരുന്നു കാര്‍കുന്ദിന്റെ ആത്മഹത്യ. 

വായ്പയുടെ തിരിച്ചടവ് കാലാവധി പിന്നിട്ടതോടെ പലിശ പെരുകിയപ്പോഴാണ് മകനെ പണയംവച്ച് ഇയാള്‍ ഗ്രാമത്തില്‍ ഒട്ടകത്തെ വളര്‍ത്തുന്ന ആളുടെ അടുക്കല്‍ നിന്ന് പണം സംഘടിപ്പിച്ചത്. പണം നല്‍കുന്ന വ്യക്തിക്ക് കീഴില്‍ വായ്പയെന്നോണം കുടുംബാംഗങ്ങളെ ഏല്‍പ്പിക്കുന്ന കാംദാരി എന്ന രീതി മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്. ഇതനുസരിച്ചാണ് ഒട്ടകത്തെ വളര്‍ത്തുന്ന ആളുടെ വീട്ടില്‍ മകനെ പണിക്കുനിര്‍ത്തിയത്. 

എന്നാല്‍ പലിശസഹിതം ഒന്നരലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും തുക ഉടന്‍ ബാങ്കില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതാണ്  കാര്‍കുന്ദിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് സഹോദരന്‍ സീതാറാം പറയുന്നു. 

കര്‍ഷകന്റെ കുടുംബത്തിനു സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം ഉടന്‍ നല്‍കണമെന്നു കോണ്‍ഗ്രസ് നേതാവ് അജയ് സിങ് ആവശ്യപ്പെട്ടു. മകനെ വായ്പ വയ്‌ക്കേണ്ടിവരുന്ന സാഹചര്യം പരിതാപകരമാണെന്നും ബിജെപി സര്‍ക്കാരിന്റെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അവകാശപ്പെടുന്ന പലിശരഹിത വായ്പ ലഭിക്കുന്നവര്‍ ആരാണെന്നും അജയ് സിങ് ചോദിച്ചു. എന്നാല്‍ കാര്‍കുന്ദിന്റെ വായ്പ കുടിശിക 90,000 രൂപയായിരുന്നുവെന്നും ഇതില്‍ 34,000 രൂപ ഒഴികെയുള്ള തുക സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നുവെന്നും സംസ്ഥാന ശിശുക്ഷേമ മന്ത്രി അര്‍ച്ചന ചിത്‌നിസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com