ന്യൂഡല്‍ഹി: മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാൻ ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ആളുകളെ നിയന്ത്രിക്കാന്‍ മാര്‍ഷല്‍മാരെയും നിയമിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച് നിർദേശമുള്ളത്.
http://www.qtoken.in എന്ന വെബ്സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും രജിസ്റ്റര്‍ ചെയ്യുന്നവർക്കാണ് ടോക്കൺ ലഭിക്കുക. മൊബൈൽ നമ്പറിലേക്ക് ടോക്കൺ മെസേജായി ലഭിക്കും. ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി മദ്യം വാങ്ങണമെന്നാണ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ള നിർദേശം.
തിങ്കളാഴ്ച മുതൽ ഡൽഹിയിൽ മദ്യക്കടകൾ തുറന്നിരുന്നു. 864 മദ്യശാലകളാണ് ഡൽഹി നഗരത്തിലുള്ളത്. ഇതിൽ സര്‍ക്കാരിന്റെ കീഴിലുള്ള 172 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. മദ്യം വാങ്ങാന്‍ വൻതിരക്ക് അനുഭവപ്പെട്ടതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ ഇ-ടോക്കണ്‍ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തിച്ച് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മദ്യക്കടകൾ തുറന്നതിനുശേഷം ചൊവ്വാഴ്ച റെക്കോർഡ് വിൽപനയാണ് നടന്നത്. 7.65 കോടി രൂപയുടെ മദ്യമാണ് അന്നേദിവസം വിറ്റതെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. തിരക്ക് കുറയ്ക്കാന്‍ മദ്യക്കടകളുടെ പ്രവര്‍ത്തനസമയം നീട്ടണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates