ന്യൂഡല്‍ഹി : അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലി രംഗത്തു വന്നു. നമാസ് നടന്നിരുന്ന സ്ഥലം മസ്ജിദായി അംഗീകരിക്കപ്പെടാന്‍, തങ്ങളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ന്യൂനപക്ഷ സമുദായത്തിന് അവകാശമുണ്ട്. അതു ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് ജസ്റ്റിസ് ഗാംഗുലി അഭിപ്രായപ്പെട്ടു.
ഭരണഘടന പ്രാബല്യത്തില്‍ വന്നപ്പോഴും മസ്ജിദ് നിലവിലുണ്ടായിരുന്നു. ഭരണഘടനയും അതിലെ വ്യവസ്ഥകളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സുപ്രീം കോടതിക്കാണ്. മസ്ജിദ് നിലനിന്നുവെന്നതും അതു തകര്‍ക്കപ്പെട്ടതും വസ്തുതയാണ്. തകര്‍ക്കപ്പെട്ട മസ്ജിദിനു മുകളില്‍ ക്ഷേത്രം നിര്‍മിക്കാനാണ് കോടതി നിര്‍ദേശിച്ചതെന്നും ഗാംഗുലി വിമര്‍ശിച്ചു.
വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും മുന്‍ഗണന ലഭിക്കില്ലെന്ന് കോടതി പറഞ്ഞു. 500 വര്‍ഷം മുന്‍പ് ആരായിരുന്നു ഭൂമിയുടെ ഉടമ? ചരിത്രം പുനഃസൃഷ്ടിക്കാനാകില്ല. ഉള്ളതു സംരക്ഷിക്കുകയാണ് കോടതിയുടെ ഉത്തരവാദിത്തം. അഞ്ച് നൂറ്റാണ്ടു മുന്‍പത്തെ കാര്യം കോടതി അറിയേണ്ടതില്ല. മസ്ജിദ് പുനഃസ്ഥാപിക്കുകയായിരുന്നു വേണ്ടത്. മസ്ജിദിന് അവകാശമില്ലെങ്കില്‍ എന്തിനാണ് അഞ്ച് ഏക്കര്‍ നല്‍കുന്നത്? മസ്ജിദ് തകര്‍ത്തതു ശരിയല്ലെന്നും കോടതി പറയുന്നുവെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.
ഞാനായിരുന്നെങ്കില്‍, ഒന്നുകില്‍ മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. അതില്‍ തര്‍ക്കമുണ്ടായാല്‍, മസ്ജിദും ക്ഷേത്രവും വേണ്ട, ആശുപത്രിയോ സ്‌കൂളോ കോളജോ നിര്‍മിക്കാന്‍ പറയുമായിരുന്നു. മസ്ജിദും ക്ഷേത്രവും മറ്റെവിടെങ്കിലും പണിയാം. വിഎച്ച്പിക്കും ബജ്‌റങ് ദളിനും സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിരുന്നു, ഇപ്പോള്‍ ജുഡീഷ്യറിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് ജസ്റ്റിസ് ഗാംഗുലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates