മാപ്പു പറയാന്‍ മടി എന്തിന്?: സുപ്രീം കോടതി, ദയയല്ല, നീതിയാണ് വേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ ; ശിക്ഷാവിധി സെപ്റ്റംബര്‍ രണ്ടിന്

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി കോടതി സ്വമേധയാ പിന്‍വലിക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കുകയാണ് വേണ്ടത്
മാപ്പു പറയാന്‍ മടി എന്തിന്?: സുപ്രീം കോടതി, ദയയല്ല, നീതിയാണ് വേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍ ; ശിക്ഷാവിധി സെപ്റ്റംബര്‍ രണ്ടിന്
Updated on
2 min read

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി സെപ്റ്റംബര്‍ രണ്ടിനകം വിധി പറയും. മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നം മാത്രമാണ് ഇതെന്നും മാപ്പ് എന്ന വാക്ക് ഉപയോഗിക്കാന്‍ മടിക്കുന്നത് എന്തിനെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കോടതിയില്‍നിന്നു ദയയല്ല, നീതിയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. ശിക്ഷയില്ലാതെ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അഭിപ്രായം അറിയിച്ചു.

വിമര്‍ശനത്തെ കോടതി എതിര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. എന്നാല്‍ കോടതിയില്‍ വിശ്വാസം തകര്‍ക്കുന്ന വിധത്തില്‍ ഈ സംവിധാനത്തിന്റെ ഭാഗമായ സീനിയര്‍ അഭിഭാഷകന്‍ പെരുമാറുന്നത് അങ്ങനെയല്ല. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം കുറയ്ക്കാനേ അതുപകരിക്കൂ എന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മാപ്പ് എന്ന വാക്ക് ഉപയോഗിക്കാന്‍ മടിക്കുന്നത് എന്തിനാണ്? ആരെയെങ്കിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറഞ്ഞ് ആ മുറിവു മായ്ക്കുകയാണ് വേണ്ടത്- കോടതി അഭിപ്രായപ്പെട്ടു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ അഭിഭാഷകര്‍ പരസ്യമായി അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല. ജഡ്ജിമാര്‍ പലതും അറിയുന്നുണ്ട്. എന്നാല്‍ ആരും അതിനു പ്രതികരണവുമായി മാധ്യമങ്ങളിലേക്കു പോവുന്നില്ലെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.

നേരത്തെ കോടതിയലക്ഷ്യ കേസില്‍ നിലപാടു മാറ്റാന്‍ പ്രശാന്ത് ഭൂഷണ് കോടതി അര മണിക്കൂര്‍ സമയം നല്‍കിയിരുന്നു. അര മണിക്കൂര്‍ നേരത്തേക്ക് വാദം കേള്‍ക്കല്‍ നിര്‍ത്തിവയ്ക്കുകയാണെന്നും അതിനകം നിലപാടില്‍ പുനപ്പരിശോധന നടത്താനും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. പ്രശാന്ത് ഭൂഷണെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ബെഞ്ചിന്റെ നിര്‍ദേശം.

സുപ്രീം കോടതിയില്‍ ജനാധിപത്യം പരാജയപ്പെട്ടതായി മുന്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന്, അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും എജി അറിയിച്ചു. കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് അവരെല്ലാം ഉദ്ദേശിച്ചിട്ടുള്ളത്. ഈ കേസില്‍ കോടതി പ്രശാന്ത് ഭൂഷണോടു ക്ഷമിക്കുകയാണ് വേണ്ടത്. വേണമെങ്കില്‍ അദ്ദേഹത്തെ താക്കീതു ചെയ്യാം, ശിക്ഷിക്കരുത്- എജി പറഞ്ഞു.

മാപ്പു പറയാന്‍ തയാറല്ലാത്തയാളെ താക്കീത് ചെയ്തിട്ട് എന്തു കാര്യമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. മാപ്പു പറയാന്‍ സമയം നല്‍കിയപ്പോള്‍ നിലപാടില്‍ ഉറച്ചുനിന്ന് പുതിയ പ്രസ്താവന നല്‍കുകയാണ് അദ്ദേഹം ചെയ്തത്. കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍ പിന്നെ എന്തു ചെയ്യാനാവും? - ജസ്റ്റിസ് മിശ്ര ചോദിച്ചു.

കോടതി ഈ കേസില്‍ കുടൂതല്‍ അനുകമ്പാപൂര്‍ണമായ നിലപാടു സ്വീകരിക്കണമെന്ന് എജി അഭ്യര്‍ഥിച്ചു. അതു കോടതിയുടെ അന്തസ് ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പൊതുതാത്പര്യ ഹര്‍ജികളുമായി എത്തിയിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷണ്‍. അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം കോടതി കണക്കിലെടുക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന രേഖകളില്‍നിന്നു നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണമെന്ന് എജി അഭിപ്രായപ്പെട്ടു.

പ്രശാന്ത് ഭൂഷണ്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അതെങ്ങനെ രേഖകളില്‍നിന്നു നീക്കം ചെയ്യാനാവുമെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. മാപ്പു പറയാന്‍ മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവന നല്‍കുകയാണ് പ്രശാന്ത് ഭൂഷണ്‍ ചെയ്തതെന്ന് ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി.

അപകീര്‍ത്തിപ്പെടുത്തലും വിമര്‍ശനവും രണ്ടായി കാണണമെന്ന് പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. വിമര്‍ശനം ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ നീതിന്യായ സംവിധാനം തകരും. പ്രശാന്ത് ഭൂഷണ്‍ മാപ്പു പറയണമെന്ന ഉത്തരവ് ബലപ്രയോഗമായേ കാണാനാവൂ എന്ന് ധവാന്‍ വാദിച്ചു.

കോടതിയോടു ബഹുമാനമാണുള്ളത് എന്ന് പ്രശാന്ത് ഭൂഷണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാലു ചീഫ് ജസ്റ്റിസുമാരുടെ പ്രവര്‍ത്തനത്തോടാണ് അദ്ദേഹം എതിര്‍പ്പു പ്രകടിപ്പിച്ചത്. കഴിഞ്ഞ ആറു വര്‍ഷം സുപ്രീം കോടതിയില്‍ നടന്ന കാര്യങ്ങളില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഈ കോടതിയുടെ പല ഉത്തരവുകളിലും ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ എനിക്ക് അഭിമാനം തോന്നാത്ത പല ഉത്തരവുകളുമുണ്ട്- രാജീവ് ധവാന്‍ പറഞ്ഞു.

പ്രശാന്ത് ഭൂഷണ്‍ പ്രസ്താവന പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് രാജീവ് ധവാന്‍ വ്യക്തമാക്കി. സത്യവാങമൂലം രേഖകളില്‍നിന്നു നീക്കുന്നതിനോടു യോജിക്കുന്നില്ല. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി കോടതി സ്വമേധയാ പിന്‍വലിക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന കണക്കിലെടുത്ത് കേസ് അവസാനിപ്പിക്കുകയാണ് വേണ്ടത്. ദയയല്ല, നീതിയുക്തതയാണ് ഞങ്ങള്‍ കോടതിയില്‍നിന്ന് ആവശ്യപ്പെടുന്നത്- ധവാന്‍ വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com