ന്യൂഡൽഹി: മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്‌ബറിനെതിരായ പരാതികൾ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഉയർന്ന ആക്ഷേപങ്ങൾ തീർച്ചയായും പരിശോധിക്കും. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് നമുക്ക് നോക്കാം. ആരോപണങ്ങളുടെ സത്യസന്ധത പരിശോധിക്കേണ്ടിയിരിക്കുന്നു. അത് ഉന്നയിക്കപ്പെട്ടവരുടെയും. അമിത് ഷാ പറഞ്ഞു.
ആർക്കെതിരെയും ആരോപണം ഉന്നയിച്ച് എവിടെയും പോസ്‌റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണ്' -അമിത് ഷാ കൂട്ടിച്ചേർത്തു. മീ ടൂ വിവാദം രാജ്യത്ത് കത്തിപ്പടരവെ ആദ്യമായാണ് ബി.ജെ.പിയുടെ ഉന്നത നേതൃത്വം ഇതു സംബന്ധിച്ച് പ്രതികരിക്കുന്നത്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, അക്ബറിനോട് വിശദീകരണം തേടിയിരുന്നു.
അക്‌ബറിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം കൊളബിയൻ മാദ്ധ്യമപ്രവർത്തകയും രംഗത്തെത്തിയിരുന്നു. ഇതോടുകൂടി അക്‌ബറിനെതിരായ എട്ടാമത്തെ ലൈംഗിക പീഡന പരാതിയാണ് ലഭിക്കുന്നത്. 2007ൽ ഏഷ്യൻ ഏജ് പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ അക്‌ബർ മോശമായി പെരുമാറി എന്നാണ് ഇപ്പോൾ അമേരിക്കയിലുള്ള യുവതി ആരോപിച്ചത്. മീ ടൂ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിന് നാല് ജഡ്‌ജിമാരുൾപ്പെടുന്ന പ്രത്യേക സമിതി രൂപീകരിക്കാൻ കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates