

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം എന്നീ വിഷയങ്ങളും കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി. അതേസമയം മുസ്ലിംകളിലെ ബഹുഭാര്യാത്വം ബെഞ്ചിന്റെ പരിഗണനാ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ്, ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് മുന്നോട്ടുവച്ചത്. ഈ ഏഴു ചോദ്യങ്ങള്‍ മാത്രമാണ് ഒന്‍പത് അംഗ ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ ബെഞ്ച് പരിഗണിക്കില്ല. എന്നാല്‍ മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്തുന്നതോടെ ശബരിമല കേസിലും വ്യക്തത വരുമെന്ന് കോടതി സൂചിപ്പിച്ചു.
ബഹുഭാര്യാത്വം ഈ ബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയമാണോയെന്ന്, കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. നവംബര്‍ 14ന്റെ വിധിയില്‍ ഉള്‍പ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ബെഞ്ച് പരിഗണിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
കേസില്‍ ഹാജരാവുന്ന എല്ലാ അഭിഭാഷകരെയും വിളിച്ചുകൂട്ടി സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിഷയങ്ങളില്‍ വ്യക്തത വരുത്തും. വാദങ്ങളില്‍ ആവര്‍ത്തനം ഒഴിവാക്കാന്‍ അഭിഭാഷകര്‍ തമ്മില്‍ ആശയവിനിയമം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏതൊക്കെ വിഷയങ്ങള്‍ ആരെല്ലാം വാദിക്കണം എ്ന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കണം. അയോധ്യാ കേസിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജനുവരി 17നാണ് സെക്രട്ടറി ജനറല്‍ അഭിഭാഷകരുടെ യോഗം വിളിച്ചു ചേര്‍ക്കുക. വിഷയങ്ങള്‍ പുനക്രമീകരിക്കുക, സമയബന്ധിതമായ വാദം, ആരെല്ലാം ഏതെല്ലാം വിഷങ്ങള്‍ വാദിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പരിഗണിക്കേണ്ട വിഷയങ്ങളില്‍ വ്യക്തത വരുത്താനായി കോടതി അഭിഭാഷകര്‍ക്ക് മൂന്നാഴ്ച സമയം നല്‍കി.
ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികളല്ല, നവംബര്‍ പതിനാലിലെ വിധിയില്‍ മുന്നോട്ടുവച്ച ഏഴു ചോദ്യങ്ങളാണ് ബെഞ്ച് പരിശോധിക്കുകയെന്ന് തുടക്കത്തില്‍ തന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നവംബര്‍ പതിനാലിലെ വിധിയില്‍ മുന്നോട്ടുവച്ച നിയമ പ്രശ്‌നങ്ങള്‍
ഒരു മതത്തിന്റെ വിശ്വാസങ്ങളില്‍ അവിഭാജ്യ ഘടകം എന്ത്, ആരാണ് അതു തീരുമാനിക്കേണ്ടത്, കോടതികള്‍ക്ക് അതില്‍ ഇടപെടാമോ അതോ മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ കേസുകളും ഉയര്‍ത്തുന്നുണ്ട്. പ്രത്യേക വിശ്വാസങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങള്‍ ആരൊക്കെ എന്നതു സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്. ഒരു വിഭാഗത്തില്‍ പെടാത്ത ആള്‍ക്ക് ആ വിഭാഗത്തിന്റെ വിഷയം ഉന്നയിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കാനാവുമോയെന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ (ഡിനോമിനേഷന്‍) അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെയെന്ന് അതതു വിഭാഗങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന ശിരൂര്‍ മഠം കേസിലെയും വിശ്വാസ കാര്യങ്ങളില്‍നിന്ന് കോടതികള്‍ മാറിനില്‍ക്കണമന്ന അജ്മീര്‍ ദര്‍ഗ കേസിലെയും വിധികളെ വിശാല ബെഞ്ച് പരിശോധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates