ന്യൂഡല്‍ഹി : മെട്രോ ട്രെയിന്‍ സര്‍വീസുകളും സിനിമാ തീയേറ്ററുകളും പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയേക്കും. പൊതുഗതാഗതം തുടങ്ങിയ പശ്ചാത്തലത്തില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്.
കര്‍ശന നിബന്ധനകളോടെയാകും മെട്രോ സര്‍വീസിന് അനുമതി നല്‍കുക. ഒരു കോച്ചില്‍ 50 പേരില്‍ കൂടരുത്, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിബന്ധകളാണ് കേന്ദ്രം പരിഗണിക്കുന്നത്. മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ വാദം.
അതേസമയം അന്തര്‍സംസ്ഥാന യാത്രകള്‍ തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് എഴുതി. എയര്‍കണ്ടിഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് സര്‍വീസുകളും ആരംഭിക്കും.സിനിമ തിയേറ്ററുകളും തുറക്കുന്ന കാര്യം പരിഗണനയിലുണ്ട്.
കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും പ്രവേശനം നിരോധിക്കും. സീറ്റുകളില്‍ സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നു. എന്നാല്‍ മാളുകളിലെ തീയേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും ഉടന്‍ തുറന്നേക്കില്ല. ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കുന്നതിനുള്ള അനുമതിയും ഉണ്ടായേക്കില്ലെന്നാണ് സൂചന. പുതിയ ഇളവുകള്‍ സെപ്റ്റംബര്‍ ഒന്നുമുതലാകും നിലവില്‍ വരിക. അതേസമയം കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും.
മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായാണ് ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുന്നത്. അണ്‍ലോക്ക് മൂന്നാം ഘട്ടത്തില്‍ ജിംനേഷ്യവും യോഗ സെന്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates