ബംഗളൂരു : അറബി വേഷത്തിൽ എത്തിയ അജ്‍ഞാതൻ സുരക്ഷാപരിശോധനക്കിടെ മുങ്ങിയതിനെ തുടർന്ന് ബംഗളൂരു നഗരത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് ബംഗളൂരു മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ അറബി വേഷത്തിൽ അജ്ഞാതനെത്തിയത്. സുരക്ഷാപരിശോധനക്കിടെ ഇയാൾ കടന്നുകളയുകയായിരുന്നു.
ഇയാളെ സുരക്ഷാഉദ്യോഗസ്ഥൻ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ അരയിലെ അജ്ഞാത വസ്തുവിന് സമീപത്തെത്തിയപ്പോൾ ബീപ് ശബ്ദം പുറപ്പെടുവിച്ചു. തുടർന്ന് ഇതെന്തെന്ന് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ തന്ത്രപൂർവം കടന്നുകളയുകയായിരുന്നുവെന്ന് ബംഗളൂരു മെട്രോ വക്താവ് യശ്വന്ത് ചവാൻ പറഞ്ഞു.
നാൽപതിനോട് അടുത്ത പ്രായം തോന്നിക്കുന്ന ഇയാൾ നേരത്തെ മെറ്റൽ ഡിറ്റക്ടര്‍ ഒഴിവാക്കി അകത്തു കടക്കാനും ശ്രമം നടത്തിയിരുന്നു. വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുരക്ഷാവേലി ചാടിക്കടക്കാൻ ശ്രമം നടത്തുന്നതിനിടെ തടഞ്ഞപ്പോൾ കടത്തിവിടുന്നതിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ജീവനക്കാർ പൊലീസിനെ അറിയിച്ചു.
മെട്രോയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രീലങ്കൻ സ്ഫോടനങ്ങളെ തുടർന്ന് ബംഗളൂരു നഗരത്തിൽ സുരക്ഷ ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates