മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം നല്‍കി, വരുന്നത് വിപ്ലവകരമായ മാറ്റം: കേന്ദ്ര കൃഷിമന്ത്രി

വിള ആര്‍ക്കും വില്‍ക്കാം, കൃഷിച്ചെലവു കുറയ്ക്കാം
മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം നല്‍കി, വരുന്നത് വിപ്ലവകരമായ മാറ്റം: കേന്ദ്ര കൃഷിമന്ത്രി
Updated on
1 min read

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ബില്‍ നിയമമാവുന്നതോടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ആര്‍ക്കും വില്‍ക്കാനാവും. അതുവഴി വിളകള്‍ക്ക് വില ഉറപ്പുവരുത്താനാവുമെന്ന് തോമര്‍ പറഞ്ഞു.

വിള വൈവിധ്യവത്കരണത്തിനും സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെലവു കുറയ്ക്കുന്നതിനും കര്‍ഷകരെ പ്രാപ്തരാക്കുന്നതാണ് ബില്ലെന്ന് എഎന്‍ഐയുമായുള്ള അഭിമുഖത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു. കാര്‍ഷിക ബില്ലുകളിലുടെ കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. കാര്‍ഷികോല്‍പ്പന വിപണന സമിതിയുടെ (എപിഎംസി-മണ്ഡി) ചങ്ങലകളില്‍നിന്ന് കര്‍ഷകര്‍ സ്വതന്ത്രരാവുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

''ചെറുകിട കര്‍ഷകര്‍ക്ക് വിത്തു വിതയ്ക്കുമ്പോള്‍ തന്നെ വിളവിന് മികച്ച വില ഉറപ്പാക്കാനാവും. വില ലഭിക്കുന്ന വിളവ് ഇറക്കാനും സാങ്കേതിക വിദ്യ ഉപയോഗിക്കാനും പുതിയ വിത്തുകള്‍ ഉപയോഗിക്കാനും നല്ല കീടനാശികളുടെ പ്രയോഗത്തിനുമെല്ലാം കര്‍ഷകര്‍ക്കാവും'' താങ്ങുവിലയും എപിഎംസികളും ഇപ്പോഴത്തേതുപോലെ തുടരുമെന്ന് ബില്ലിനെതിരെ പ്രതിപക്ഷ വിമര്‍ശനം തള്ളിക്കൊണ്ട് മന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ നിയമത്തില്‍ മാറ്റം വരാതെ അതിന്റെ ഗുണം പൂര്‍ണമായി കര്‍ഷകര്‍ക്കു കിട്ടില്ലെന്നാണ് മനസ്സിലായത്. അതുകൊണ്ട സര്‍ക്കാര്‍ രണ്ട് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നു. അവയാണ് ഇപ്പോള്‍ നിയമമാവുന്നത്. 

താങ്ങുവില അനുസരിച്ചുള്ള സംഭരണം ഇപ്പോഴത്തേതു പോലെ തുടരും. റാബി വിളകള്‍ക്ക് ഇതിനകം തന്നെ സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. താങ്ങുവില നിയമത്തിന്റെ ഭാഗമാക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. താങ്ങുവില എന്നെങ്കിലും നിയമത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടോ എന്നാണ് അവരോടു ചോദിക്കാനുള്ളത്. കോണ്‍ഗ്രസ് അന്‍പതു വര്‍ഷം രാജ്യം ഭരിച്ചു. അന്നൊന്നും താങ്ങുവില നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താങ്ങുവില ഒരുകാലത്തും ഒരു നിയമത്തിന്റെയും ഭാഗമായിരുന്നിട്ടില്ല. ഒന്നും പറയാനില്ലാത്തതുകൊണ്ട് അവര്‍ അതു പറയുന്നു എന്നേയുള്ളൂ- മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കര്‍ഷകര്‍ മണ്ഡികളിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. അവിടെ ലൈസന്‍സ് ഉള്ള 25ഓ 30ഓ പേരുണ്ടാവും. അവര്‍ ലേലം ചെയ്തു വില നിശ്ചയിക്കുന്നു. ആ ലേലത്തില്‍ നിശ്ചയിച്ച വിലയ്ക്ക് ഉത്പന്നം വില്‍ക്കുകയേ നിര്‍വാഹമുള്ളൂ. പുതിയ ബില്‍ അനുസരിച്ച് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ ആര്‍ക്കും എവിടെയും വില്‍ക്കാം. മണ്ഡികളില്‍ വില്‍്ക്കുമ്പോള്‍ നികുതി നല്‍കേണ്ടിവരുന്നുണ്ട്, പുതിയ ബില്‍ അനുസരിച്ചു മണ്ഡികള്‍ക്കു പുറത്തു വില്‍ക്കുമ്പോള്‍ നികുതി ഇല്ല- മന്ത്രി പറഞ്ഞു.

കര്‍ഷകരും വ്യാപാരിയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഇടപെട്ടു 30 ദിവസത്തിനകം പരിഹരിക്കണം. കര്‍ഷകനു വേണമെങ്കില്‍ കരാറില്‍നിന്നു പിന്‍മാറാം, എന്നാല്‍ വ്യാപാരിക്ക് അത്തരത്തില്‍ പിന്‍മാറാനാവില്ലെന്നാണ് ബില്ലിലെ വ്യവസ്ഥ. വ്യാപാരി പിന്‍മാറണമെങ്കില്‍ കര്‍ഷകനു പണം നല്‍കണം. കര്‍ഷകര്‍ക്കു പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തിയാണ്  ബില്‍ തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com