

ന്യൂഡല്‍ഹി: ലാന്‍ഡിങ് സംവിധാനത്തിലെ തകരാറ്, ഇന്ധനക്കുറവ്, മോശം കാലാവസ്ഥ. ദുരന്തത്തെ മുഖാമുഖം കണ്ട 370 യാത്രക്കാര്‍ക്ക് രക്ഷയായത് പൈലറ്റിന്റെ മനസ്സാന്നിധ്യം. എയര്‍ ഇന്ത്യ ന്യൂയോര്‍ക്ക് വിമാനത്തിലെ യാത്രക്കാരാണ് പൈലറ്റിന്റെ ധീരമായ നടപടിയിലൂടെ സുരക്ഷിതമായി ഭൂമിയിലിറങ്ങിയത്.
സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു സംഭവം. ന്യുയോര്‍ക്കില്‍ ഇറങ്ങുന്നതിനു തൊട്ടു മുമ്പാണു വിമാനത്തിലെ ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഏതു കാലാവസ്ഥയിലും രാത്രിയും പകലും പൈലറ്റിനു കൃത്യം റണ്‍വേയില്‍ വിമാനം ഇറക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. വിമാനം എത്ര ഉയരത്തിലാണെന്ന് അറിയാന്‍ സഹായിക്കുന്ന റേഡിയോ ആള്‍ട്ടിമീറ്റര്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്.
കുറച്ചു സമയം കെന്നഡി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നെങ്കിലും ഇറക്കാന്‍ കഴിഞ്ഞില്ല. കാലാവസ്ഥ പ്രതികൂലമായതാണ് കാരണം. അതിനിടെ ഇന്ധനം കുറയാന്‍ തുടങ്ങിയതോടെ ആശങ്ക കൂടി. കാര്യങ്ങള്‍ വഷളാകുകയാണെന്ന സ്ഥിതി വന്നപ്പോള്‍ റിസ്‌കെടുക്കാന്‍ ക്യാപ്റ്റന്‍ രസ്തം പാലിയ തീരുമാനിക്കുകയായിരുന്നു.
ആകാശം മേഘാവൃതമായിരുന്നതിനാല്‍ റണ്‍വേ കാണാന്‍ 400 അടിയിലേക്കു വിമാനം താഴ്ത്തി പറപ്പിക്കേണ്ടിവന്നു. എന്നാല്‍ മനുഷ്യസാധ്യമായ കണക്കുകൂട്ടലുകളുടെയും കൃത്യമായ മനസാന്നിധ്യത്തിന്റെയും പിന്‍ബലത്തില്‍ തകരാറുണ്ടായി 38 മിനിറ്റിനു ശേഷം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ക്യാപ്റ്റനു സാധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates