

മുംബൈ: കടുത്ത പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ സ്ഥാപകൻ റാണാ കപൂറിനെതിരെ നടപടി കർശനമാക്കി കേന്ദ്രസർക്കാർ. റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. യെസ് ബാങ്ക് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎച്ച്എഫ്എൽ ന് വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
റാണാ കപൂറും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാരും രാജ്യം വിടുന്നത് തടയുക ലക്ഷ്യമിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്രസർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ വർളിയിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഡിഎച്ച്എഫ്എലിനു വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
യെസ് ബാങ്കിൽനിന്ന് 50,000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഏപ്രിൽ മൂന്നു വരെയാണ് നിയന്ത്രണം. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 50000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് നിക്ഷേപകരെ അനുവദിക്കുന്നതിന് ആർബിഐയുടെ പ്രത്യേക അനുമതി വേണ മെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിക്ഷേപകന്റെയും അയാളുമായി ബന്ധപ്പെട്ടവരുടെയും ചികിത്സാവശ്യത്തിനോ പഠനാവശ്യങ്ങൾക്കോ വിവാഹസംബന്ധമായ ആവശ്യങ്ങൾക്കോ മറ്റു ചടങ്ങുകൾക്കു വേണ്ടിയോ ആണെങ്കിൽ ആർബിഐ, 50000 കൂടുതൽ പിൻവലിക്കാൻ അനുമതി നൽകുമെന്നും ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates