രക്തവർണ കണ്ണുകൾ; രോഷാകുലനായ നായകൻ; അഭ്രപാളിയിലും ജനമനസിലും ഇടം നേടിയ അംബരീഷ്

എൺപതുകളിൽ പ്രതിനായകനായി കന്നഡ സിനിമാ ലോകത്തെത്തി പിന്നീട് ജനപ്രിയ നായകനായി മാറിയ ചരിത്രമാണ് അംബരീഷിന്റെത്
രക്തവർണ കണ്ണുകൾ; രോഷാകുലനായ നായകൻ; അഭ്രപാളിയിലും ജനമനസിലും ഇടം നേടിയ അംബരീഷ്
Updated on
2 min read

ൺപതുകളിൽ പ്രതിനായകനായി കന്നഡ സിനിമാ ലോകത്തെത്തി പിന്നീട് ജനപ്രിയ നായകനായി മാറിയ ചരിത്രമാണ് അംബരീഷിന്റെത്. ഇരുന്നൂറ്റൻപതിലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാള സിനിമയിലും വേഷമിട്ടു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത  ഗാനം എന്ന ചിത്രത്തിൽ നായകനായാണ് അംബരീഷ് മലയാളത്തിൽ മുഖം കാണിച്ചത്. 

മണ്ഡ്യയിലെ മദ്ദൂർ ദൊഡ്‌ഡരസിനക്കെരെയിൽ 1952 മേയ് 29നാണ് അംബരീഷ് ജനിച്ചത്. എൺപതുകളിൽ മലയാളത്തിൽ സജീവമായിരുന്ന നടി സുമലതയാണ് അദ്ദേഹത്തിന്റെ ഭാര്യ. അഭിഷേക് ഗൗഡ മകനാണ്. സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി ചൗഡയ്യയുടെ പേരമകൻ കൂടിയാണ് അംബരീഷ്. 

പ്രസിദ്ധ സംവിധായകനായ പുട്ടണ്ണ കനഗലിന്റെ ‘നാഗരാജാവ്’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്താണ് അംബരീഷ് സിനിമയിൽ അരങ്ങേറിയത്. മിക്ക ചലച്ചിത്രങ്ങളിലും വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 1980ൽ ‘അന്ത’ എന്ന രാഷ്‌ട്രീയവിഷയ സിനിമയിലാണ് ആദ്യം നായകനായത്. രക്‌തവർണത്തിലുള്ള കണ്ണുകൾ ഉള്ള അംബരീഷ് അനശ്വരമാക്കിയ വില്ലൻ കഥാപാത്രങ്ങളും രോഷാകുലനായ നായക വേഷങ്ങളും ഏറെയാണ്. റിബൽ നായകനെന്ന നിലയിൽ തന്റെ ഇടം അദ്ദേഹം അടയാളപ്പെടുത്തി.

എസ്എം കൃഷ്‌ണ ഉപ മുഖ്യമന്ത്രിയായിരിക്കെ തൊണ്ണൂറുകളിൽ അദ്ദേഹത്തിനായി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയാണ് അംബരീഷ് രാഷ്‌ട്രീയ പ്രവേശം നടത്തിയത്. ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ ഒരിക്കൽ അംബരീഷ് കോൺഗ്രസ് വിട്ട് ജനതാദളിലേക്കു പോയി. രാമനഗരം നിയമസഭാ മണ്ഡലത്തിൽ 1996ൽ ഉപ തെരഞ്ഞെടുപ്പിൽ ജനതാദൾ സ്‌ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.

1998ൽ ലോക്‌സഭയിൽ ജനതാദൾ (എസ്) എംപിയായിട്ടാണു ലേക്സഭയിലെത്തിയത്. മണ്ഡ്യയിൽ കോൺഗ്രസ് നേതാവ് ജി മാതേഗൗഡയെ രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അംബരീഷ് രണ്ട് തവണ കൂടി മണ്ഡ്യയിൽ നിന്ന് ലോക്‌സഭയിലെത്തി. 1999ലും 2004ലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൻമോഹൻ സിങ് സർക്കാരിൽ 2006 ഒക്‌ടോബർ 24നു വാർത്താവിനിമയ സഹ മന്ത്രിയായി. കാവേരി തർക്കപരിഹാര ട്രിബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 2008ൽ രാജിവച്ചു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ എൻ ചെലുവരായ സ്വാമിയോടു (ദൾ) പരാജയപ്പെട്ടു. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നെങ്കിലും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉന്നയിച്ചു നിരസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com