

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ രണ്ടായിരം രൂപ നോട്ടുകളുടെ സുരക്ഷാ സവിശേഷതകളെക്കുറിച്ച് പ്രചരിച്ച കഥകള്‍ നിരവധിയാണ്. നോട്ടില്‍ ചിപ്പു ഘടിപ്പിച്ചുണ്ട് എന്നതായിരുന്നു അതില്‍ പ്രധാനം. ഈ നോട്ടുമായി എവിടെപ്പോയാലും ചിപ്പ് ഉപയോഗിച്ച് കണ്ടെത്താനാവുമെന്നും കഥകള്‍ വന്നിരുന്നു. ചിലരെങ്കിലും ആ പ്രചാരണത്തില്‍ വീണുപോയിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള ഈ ബാങ്കുകൊള്ളയുടെ കഥ വ്യക്തമാക്കുന്നത്.
വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. ജനല്‍ തകര്‍ത്ത് ബാങ്കിന് അകത്തു കയറിയ മോഷ്ടാക്കള്‍ 2.3 ലക്ഷം രൂപ കവര്‍ന്നു. പിറ്റേന്ന് മോഷണം കണ്ടെത്തിയ ബാങ്ക് അധികൃതര്‍ അമ്പരന്നു. ഒരൊറ്റ നോട്ടുപോലും മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നില്ല. ബാങ്കിലുണ്ടായിരുന്ന ചില്ലറ നാണയങ്ങള്‍ മാത്രമാണ് മോഷ്ടാക്കള്‍ കടത്തിയത്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങളായാണ് 2.3 ലക്ഷം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയത്. ഇത് എന്തു തരം മോഷണമാണെന്ന് പൊലീസും കുഴങ്ങിയെങ്കിലും പിറ്റേന്നുതന്നെ മോഷ്ടാക്കളെ കണ്ടെത്തിയതോടെ സത്യം പുറത്തായി.
നോട്ടില്‍ ചിപ്പു ഘടിപ്പിച്ചിട്ടുണ്ടെന്ന വിശ്വാസം കൊണ്ടാണത്രെ മോഷ്ടാക്കള്‍ ലക്ഷക്കണക്കിനു രൂപയുടെ കെട്ടുകണക്കിനു നോട്ടുകള്‍ തൊടാതെ പോന്നത്. ബാങ്കിനോടു ചേര്‍ന്നുള്ള ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നു മോഷ്ടാക്കള്‍. മൂന്നുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. ഡിപ്പോയില്‍നിന്നുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്ന് ജനല്‍ ഗ്രില്‍ തകര്‍ത്ത് അകത്തുകയറി. 46 പോളിത്തീന്‍ ബാഗുകളിലായാണ് അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങള്‍ പുറത്ത് എത്തിച്ചത്. 'ചിപ്പുകള്‍ ഘടിപ്പിച്ച' നോട്ടുകള്‍ തൊട്ടുപോകരുതെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുതെന്ന് മോഷ്ടാക്കള്‍ പൊലീസിനോടു പറഞ്ഞു.
മൂന്നു മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ കൈയില്‍ ആര്‍ എന്നു പച്ച കുത്തിയിരുന്നതാണ് അന്വേഷണത്തില്‍ സഹായകമായത്. ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍നിന്നാണ് പൊളിച്ച ജനലിന്റെ ഭാഗത്തേക്ക് എത്താനാവുക. അതുകൊണ്ട് ആദ്യം അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസ് എത്തി. അപ്പോഴാണ് കൈയില്‍ ആര്‍ എന്നു പച്ചകുത്തിയ രാഹുലിനെ പൊലീസ് കണ്ടത്. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഥ മുഴുവന്‍ പുറത്തായി. ഇയാളും മറ്റൊരു രാഹുലും അനൂജും ചേര്‍ന്നാണ് മോഷണം നടത്തിയത്. യുപിയിലെ മുസാഫര്‍ നഗര്‍ സ്വദേശികളായ ഇവര്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഒരു മാസം മുമ്പ് ഡിടിസി ഡിപ്പോയില്‍ എത്തിയത്. സിനിമയിലും മറ്റും കണ്ട ബാങ്കുകൊള്ളയുടെ മാതൃകയിലാണ് മോഷണം ആസൂത്രണം ചെയ്തത് എന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates