രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശയില്ല; കേന്ദ്രത്തിന്റെ ആശ്വാസ പ്രഖ്യാപനം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് മുന്നോടിയായി കേന്ദ്രം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ ആശ്വാസ പ്രഖ്യാപനം.
സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ് ഗ്രാഷ്യയായി പണം നല്‍കുന്ന പദ്ധതിക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിച്ചത്. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ആര്‍.ബി.ഐ. മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസ കാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിങ് കമ്പനികള്‍ക്ക് നല്‍കും. ആര്‍ബിഐ മൊറട്ടോറിയം പദ്ധതിയില്‍ രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് പലിശയിളവ് നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഏകദേശം 5500 കോടി രൂപ മുതല്‍ 6000 കോടി രൂപ വരെയാണ് പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക.
എംഎസ്എംഇ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, കെഡ്രിറ്റ് കാര്‍ഡ് തിരിച്ചടവ്, കണ്‍സ്യൂമര്‍ വായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. രണ്ട് കോടി രൂപ വരെ വായ്പുള്ളവര്‍ക്ക് മാത്രമേ ഈ ആനൂകുല്യത്തിന് അര്‍ഹതയുള്ളു. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പദ്ധതി മുഴുവനായോ ഭാഗികമായോ വിനിയോഗിച്ചവര്‍ക്കും മൊറട്ടോറിയം ലഭിക്കാത്തവര്‍ക്കും പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വായ്പ അക്കൗണ്ടുകളില്‍ ഫെബ്രുവരി 29 വരെ കുടിശ്ശിക തുക രണ്ട് കോടി കവിയരുത്. എല്ലാ വായ്പകളും കൂടി രണ്ട് കോടിക്ക് മുകളിലാണെങ്കില്‍ ആനുകൂല്യം ലഭിക്കില്ല. മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ പലിശയാണ് കണക്കുകൂട്ടുക. വായ്പ നല്‍കിയത് ഏതെങ്കിലും ബാങ്കിങ് കമ്പനിയോ ബാങ്കോ സഹകരണ ബാങ്കോ ആയിരിക്കണം തുടങ്ങിയവയാണ് പദ്ധതിയിലെ വ്യവസ്ഥകള്‍.
കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാ ദേശസാത്കൃത ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കിങ് കമ്പനികള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഹൗസിങ് ഫിനാന്‍സിങ് കമ്പനികള്‍ക്കും അയച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കണമെന്നും എങ്ങനെയാണ് പലിശ കണക്കുകൂട്ടേണ്ടതെന്ന നിര്‍ദേശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ആര്‍ബിഐയുടെ മൊറട്ടോറിയം പദ്ധതി പ്രകാരം, രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുന്നത് എത്രയും വേഗം നടപ്പാക്കണമെന്ന് ഒക്ടോബര്‍ 14ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സാധാരണക്കാരന്റെ ദീപാവലി സര്‍ക്കാരിന്റെ കൈകളില്‍ ആണെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
