

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ വിദേശ ധന സഹായം വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളോട് നന്ദി പറയുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം ഇറക്കിയ ഒദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദുരന്ത നിവാരണം ഇന്ത്യക്ക് തന്നെ ചെയ്യാന്‍ സാധിക്കും. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാജ്യം സ്വയം പര്യാപ്തമാണ്. അതേസമയം സഹായങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിപരമായി സംഭാവനയായി നല്‍കാമെന്നും പ്രസ്താവനയില്‍ പറയുന്നു.
യു.എ.ഇ 700 കോടി ധന സഹായം പ്രഖ്യാപിച്ച ഘട്ടത്തില്‍ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യ അത് നിരസിച്ചിരുന്നു. എന്നാല്‍ നിയമം മാറ്റിയെഴുതണമെന്ന ആവശ്യവുമായി കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. നിലപാട് വിവാദമായതോടെയാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.
അതേസമയം പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ നയം തടസമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റെന്ന് രേഖകളിലുണ്ട്. 2016 ലെ ദേശീയ ദുരന്ത നിവാരണ നയത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വലിയ ദുരന്തം ഉണ്ടായാല്‍, മറ്റേതെങ്കിലും രാജ്യങ്ങള്‍ ദുരിതാശ്വാസത്തിന് സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കുന്നതിന് തടസമില്ല. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനിലെ ഒമ്പതാം ചാപ്റ്ററില്‍ അന്താരാഷ്ട്ര സഹകരണം എന്ന ഭാഗത്ത് ഇക്കാര്യം വിശദീകരിക്കുന്നു. വിദേശസഹായം സ്വീകരിക്കല്‍, വിവിധതലങ്ങളിലെ സഹായം സ്വീകരിക്കല്‍ എന്നീ ഭാഗങ്ങളിലാണ് ഇക്കാര്യം പറയുന്നു. ഇതനുസരിച്ച് വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയും, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം വഴി ഈ സഹായം ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് നയത്തിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates