ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും കാര്‍ഷിക ബില്ലുകള്‍ പാസാക്കി. കര്‍ഷക സമരങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ ബില്ലുകള്‍ പാസാക്കിയത്. രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ലുകള്‍ നിയമമാകും.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.
വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തില്‍ നടുത്തളത്തില്‍ ഇറങ്ങിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയാന്‍ ഉപാധ്യക്ഷന് നേരെ റൂള്‍ ബുക്ക് ഉയര്‍ത്തിക്കാണിച്ചു.മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.
കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates