

അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് ഇന്ന് ഔപചാരിക തുടക്കംകുറിക്കും. വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ടാകും ഭൂമിപൂജ ചടങ്ങ് നടക്കുകയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിക്കുക.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടർന്നുള്ള ശിലാസ്ഥാപനകർമത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യു പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരാണ് ഉണ്ടാകുക. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.
40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും.
രാവിലെ പ്രത്യേക വിമാനത്തിൽ ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി 11.30ന് അയോധ്യയിലെ സാകേത് കോളജ് ഹെലിപാഡിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും പൂജയ്ക്കും ദർശനത്തിനും ശേഷം അദ്ദേഹം ഭൂമിപൂജയിൽ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates