ന്യൂഡല്‍ഹി: മദ്യത്തിന് 70 ശതമാനം അധിക നികുതി ഈടാക്കി ഡല്‍ഹി സര്‍ക്കാര്‍. എം.ആര്‍.പിയുടെ 70 ശതമാനം സ്‌പെഷ്യല്‍ കൊറോണ ഫീ എന്ന പേരിലാണ് ഈടാക്കുക. തിങ്കളാഴ്ച രാത്രിയാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്നാണ് ഉത്തരവിലുള്ളത്.
കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് ഇന്നുമുതല്‍ 1700 രൂപ നല്‍കേണ്ടി വരും. ലോക്ക്ഡൗണില്‍ നികുതി വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പ്പനയിലൂടെ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകള്‍ക്ക് തിങ്കളാഴ്ച മുതലാണ് ഡല്‍ഹി പൊലീസ് തുറക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം.
തിങ്കളാഴ്ച ഡല്‍ഹിയിലെ 150 ഓളം മദ്യഷാപ്പുകളാണ് തുറന്നത്. സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലും പാലിക്കാതെ വന്‍ജനക്കൂട്ടാണ് മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് പലയിടത്തം ലാത്തിചാര്‍ജ് നടത്തുകയും മദ്യഷാപ്പുകള്‍ അടച്ചിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. ഇതേത്തുടര്‍ന്ന് നാല് ജില്ലകളിലെ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ കെജ്‌രിവാള്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യത്തില്‍ നിന്ന് 70 ശതമാനം അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തേയും സമ്പദ് വ്യവസ്ഥയേയും ബാധിച്ചെന്ന് ഞായറാഴ്ച കെജ്‌രിവാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3,500 കോടി വരുമാനമുണ്ടായിടത്ത് ഇത്തവണ 300 കോടി മാത്രമാണ് ലഭിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന് കീഴിലും മദ്യം വില്‍ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates