ന്യൂഡൽഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് നടന്നുപോയയാൾ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന രണ്‍വീര്‍ സിംഗ്(38) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്നും മധ്യപ്രദേശിലെ വീട്ടിലെത്താന്‍ 200 കിലോമീറ്ററിലധികം നടന്ന യുവാവ് യാത്രാമധ്യേ കുഴഞ്ഞുവീഴുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍കൂടി ഒപ്പം യാത്രയിലുണ്ടായിരുന്നു. കാല്‍നടയായി ആഗ്രയില്‍ എത്തിയപ്പോള്‍ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് റണ്‍വീര്‍ സിങ് പറഞ്ഞിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നും 362 കിലോമീറ്റര്‍ അകലയുള്ള മധ്യപ്രദേശിലെ മൊറെന ജില്ലയിലെ വീട്ടിലേക്കാണ് രണ്‍വീര്‍ സിംഗ് കാല് നടയായി സഞ്ചരിച്ചത്.
ഇനിയും 100 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മാത്രമേ അവര്‍ക്ക് ലക്ഷ്യസ്ഥാനമായ മുറൈന ഗ്രാമത്തിലെത്താനാകുമായിരുന്നുള്ളൂ. നിലവില്‍ അവര്‍ മൂന്നുദിവസത്തോളം നിര്‍ത്താതെ യാത്രചെയ്താണ് ആഗ്രയില്‍ എത്തിയത്. കഠിനമായ ഈ യാത്രയുടെ ആയാസത്തെ തുടര്‍ന്ന് ഹൃദയ പേശികളിലേക്ക് രക്തം ലഭിക്കാതെ വരുന്ന മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്ന അവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് രണ്‍വീര്‍ സിങ്ങിന് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളായ ആയിരക്കണക്കിന് ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാകാതെ രാജ്യത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിയിരിക്കുന്നത്. ഗതാഗത സംവിധാനം നിലച്ചതിനെ തുടര്‍ന്ന് കാല്‍നടയായാണ് പലരും സ്വദേശത്തേക്ക് മടങ്ങുന്നത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates