വിഖ്യാത ചലച്ചിത്രകാരൻ മൃണാള്‍ സെന്‍ അന്തരിച്ചു

വിഖ്യാത ചലച്ചിത്രകാരൻ മൃണാള്‍ സെന്‍ അന്തരിച്ചു

1953ല്‍ രാത് ഭോര്‍ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. ഇന്ത്യയില്‍ നവതരംഗ സിനിമയുടെ വക്താക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം
Published on

കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രസംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. സ്വവസതിയിലായിരുന്നു അന്ത്യം.95 വയസ്സായിരുന്നു. പത്മഭൂഷണ്‍, ദാദാ സാഹബ് ഫാല്‍ക്കെ,  തുടങ്ങി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1953ല്‍ രാത് ഭോര്‍ എന്ന സിനിമയിലൂടെയാണ് ചലചിത്രരംഗത്തേക്കുള്ള പ്രവേശനം. ഇന്ത്യയില്‍ നവതരംഗ സിനിമയുടെ വക്താക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സ്ത്യജിത്ത് റായ്, ഋതിക് ഘട്ടക്ക് തുടങ്ങിയവരുടെ സമകാലികനായ മൃണാള്‍ സെന്‍  ബംഗാളിലെ സമാന്തര സിനിമയിലെ പ്രധാനിയായിരുന്നു

ബംഗ്ലാദേശില്‍ ഉള്‍പ്പെട്ട ഫരീദ്പൂരില്‍ 1923 മെയ് 14ന് ജനനം. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടാനായി കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരികവിഭാഗവുമായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ))യുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സെന്‍ ഒരുകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തിരുന്നില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസന്റേറ്റീവായും കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായും ജോലി ചെയ്തിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. നാല്പതുകളിലെ ബംഗാള്‍ ക്ഷാമവും രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാള്‍സെന്നിനെ പിടിച്ചുലച്ചു.

1955ല്‍ ആദ്യ ഫീച്ചര്‍ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീല്‍ ആകാഷെര്‍ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. ബുവന്‍ഷോം ദേശീയ- രാജ്യന്തര രംഗത്ത് നിരവധി രംഗത്ത് നിരവധി അവാര്‍ഡുകള്‍ നേടുകയും ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ നാഴികകല്ലായി മാറുകയും ചെയ്തു.

തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ തുടങ്ങിയവ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളില്‍ ജൂറിയായി പ്രവര്‍ത്തിച്ചു.1981ല്‍ രാജ്യം പത്മഭൂഷനും 2005ല്‍ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരവും നല്‍കി ആദരിച്ചു. 1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാന്‍സ് കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ എ ലാത്ര് പുരസ്‌കാരവും റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് ബിരുദവും നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com