

ചെന്നൈ: പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുളള വിദ്യാര്‍ത്ഥികളുടെ വിയോജിപ്പ് പ്രതീക്ഷ നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വ്യക്തമായ നിലപാടോടെ മുന്നിട്ടിറങ്ങിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നയിക്കാന്‍ ഒരു രാഷ്ട്രീയക്കാരന്റെയും ആവശ്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ചെന്നൈയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിക്കുന്ന തിങ്ക് എഡ്യുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുളള വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം, അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്. ജനാധിപത്യം എന്നത് ഒരു പ്രക്രിയയാണ്. അല്ലാതെ ഒരു സംഭവമല്ല. തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുകയുളളൂ. ഇതൊരു തുടര്‍ച്ചയായ ആശയവിനിമയമാണ്. എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സര്‍ക്കാരിന് മാത്രം സാധ്യമല്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതുകൊണ്ട് എന്തും ചെയ്യാം എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ബുദ്ധന്‍ മുതല്‍ അംബ്ദേക്കര്‍ വരെയുളളവരെ പരിശോധിച്ചാല്‍, അവര്‍ വിയോജിപ്പുകളിലൂടെ ചരിത്രത്തില്‍ ഇടം നേടിയവരാണ് എന്ന് മനസിലാകും. ഈ ദിവസങ്ങൡ ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിച്ചു. ലോകരാജ്യങ്ങളില്‍ ഏറ്റവും മോശം പ്രതിച്ഛായയാണ് ഇത് സൃഷ്ടിച്ചത്. കശ്മീരില്‍ അഞ്ചുമാസം ആശയവിനിമം തടഞ്ഞു. അസമില്‍ അഞ്ചുദിവസവും ഡല്‍ഹിയില്‍ അഞ്ചുമണിക്കൂറും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനും സാക്ഷിയായി. ഇത് ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്ന കാഴ്ചയാണ് കാണുന്നത്. വിയോജിപ്പുകള്‍ക്ക് ്കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് ദേശവിരുദ്ധ ലേബല്‍ ഇവര്‍ ചാര്‍ത്തി നല്‍കുന്നത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെല്ലാം ഇത് ഓര്‍മ്മിപ്പിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
ജാമിയ, അലിഗഡ്,ജെഎന്‍യു എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെ അപലപിക്കുന്നു. പ്രതിഷേധക്കാര്‍ അവരുടെ അവകാശങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചാണ് പ്രകടനം നടത്തിയത്. അവര്‍ ദേശവിരുദ്ധരെങ്കില്‍, പ്രതിഷേധങ്ങളില്‍ ദേശീയ ഗാനം പാടുമോയെന്ന് ശശി തരൂര്‍ ചോദിച്ചു. ഇരുപക്ഷത്തുമുളളവര്‍ മുന്നോട്ടുവെയ്ക്കുന്ന നിലപാടുകളെ പരസ്പരം അംഗീകരിക്കാന്‍ തയ്യാറാവുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് സ്വാമി വിവേകാനന്ദനെ ഓര്‍മ്മിപ്പിച്ച് ശശി തരൂര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates