

ചെന്നൈ: കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ്കുമാറിനെ കാട്ടുകള്ളന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ വെറുതെവിട്ട് കോടതി വിധി. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട പ്രോസിക്യൂഷനെ വിമര്‍ശിച്ചു.
വീരപ്പനും രാജ്കുമാറും മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷം, ഈറോഡ് ജില്ലാ ജഡ്ജി കെ മണിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രതികള്‍ക്കു വീരപ്പനുമായി അടുത്ത അനുയായിയായ സേത്തുക്കുഴി ഗോവിന്ദനുമായോ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിച്ച രാജ്കുമാറിന്റെ കുടുംബത്തെയും കോടതി വിമര്‍ശിച്ചു.
2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ ഗജനൂരിലെ ഫാംഹൗസില്‍നിന്ന് വീരപ്പനും കൂട്ടാളികളും ചേര്‍ന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള ബന്ധത്തില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയ സംഭവം പലയിടത്തും കലാപത്തിനു കാരണമായിരുന്നു. 108 ദിവസത്തിനു ശേഷമാണ് രാജ്കുമാര്‍ വീരപ്പിന്റെ തടവില്‍നിന്നു മോചിതനായത്. തമിഴ് വാരികയായ നക്കീരന്റെ പത്രാധിപര്‍ ആര്‍ ഗോപാലിന്റെ മധ്യസ്ഥതയില്‍ എട്ടു തവണയായി നടന്ന ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു മോചനം.
വീരപ്പന്‍ മുന്നോട്ടുവച്ച ഏതാനും വ്യവസ്ഥകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് രാജ്കുമാറും ഒപ്പം തട്ടിക്കൊണ്ടുപോവപ്പെട്ട മൂന്നുപേരും മോചിതരായത്. വീരപ്പന്‍ പിന്നീട് 2004ല്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ വെടിയേറ്റു മരിക്കുകയായിരുന്നു. രാജ്കുമാര്‍ 2006 ഏപ്രിലില്‍ അന്തരിച്ചു.
കേസില്‍ പ്രതികളായ വീരപ്പനെക്കൂടാതെ അടുത്ത കൂട്ടാളിയായിരുന്ന സേത്തുക്കുഴി ഗോവിന്ദന്‍, രംഗസ്വാമി എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചു. ഗോവിന്ദരാജ്, ആന്തില്‍, പശുവണ്ണ, കുപ്പുസ്വാമി, കല്‍മാഡി രാമന്‍ എന്നിവരാണ് വിചാരണ നേരിട്ടത്.
ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, ആയുധം കൈവശം വയ്ക്കല്‍, വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍, പണത്തിനു വേണ്ടി തട്ടിക്കൊണ്ടുപോവല്‍, തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates