

ന്യൂഡൽഹി: യുദ്ധമുണ്ടായാൽ രാജ്യത്തിനു വേണ്ടി വീറോടെ പൊരുതാൻ തയാറാണെന്നറിയിച്ചു വ്യോമസേനയിലേക്ക് മുൻ ഉദ്യോഗസ്ഥരുടെ സന്ദേശങ്ങളുടെ പ്രവാഹം. പുൽവാമ, ബാലാക്കോട്ട് സംഭവങ്ങൾക്ക് ശേഷമാണ് സേനയുടെ ഔദ്യോഗിക ഇ മെയിൽ വിലാസത്തിലേക്കു സന്ദേശങ്ങൾ പ്രവഹിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്തെ സേവിക്കുന്നതിനായി വീണ്ടും സേനയിൽ ചേരാൻ തയാറാണെന്നാണു ഭൂരിഭാഗം സന്ദേശങ്ങളിലുമുള്ളത്.
യുദ്ധ സമാന സാഹചര്യം രാജ്യത്തുണ്ടായാൽ, തങ്ങളുടെ അനുഭവസമ്പത്ത് ഗുണം ചെയ്യുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. യുദ്ധ വിമാനങ്ങളുടെ പരിപാലനം, സേനാ താവളങ്ങളിലെ വിവിധതരം ജോലികൾ എന്നിവയിലെല്ലാം എപ്പോൾ വേണമെങ്കിലും തങ്ങളുടെ സേവനം ഉപയോഗിക്കാമെന്ന് ഇവർ അറിയിക്കുന്നു. സേനയിൽ നിന്നു വിരമിച്ച യുദ്ധവിമാന, ഹെലികോപ്റ്റർ പൈലറ്റുമാർ, എൻജിനീയർമാർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം അപേക്ഷകളൊന്നും സേന സ്വീകരിച്ചിട്ടില്ല.
1999 ലെ കാർഗിൽ യുദ്ധ വേളയിലും സമാന രീതിയിൽ വിമുക്ത ഭടൻമാർ സേവനം വാഗ്ദാനം ചെയ്തു രംഗത്തു വന്നിരുന്നു. വിരമിച്ച ശേഷം രണ്ട് വർഷത്തേക്ക് ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ തിരികെ വിളിക്കാൻ വ്യോമസേനാ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. യുദ്ധത്തിൽ വ്യാപകമായി സേനാംഗങ്ങളെ നഷ്ടപ്പെട്ടാൽ, സേനാബലം നിലനിർത്താൻ വേണ്ടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates