

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചയ്ക്ക് വേദിയായ തമിഴ്‌നാട്ടിലെ ചരിത്ര നഗരം മഹാബലിപുരം ഇപ്പോള്‍ വൃത്തിയും വെടിപ്പുമായി തിളങ്ങുന്നു. ശുചീകരണ തൊഴിലാളികളുടെ രാപ്പകലില്ലാത്ത അധ്വാനമാണ് നഗരത്തിന്റെ മനോഹാരിതക്ക് മാറ്റ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസമായി ശുചീകരണ തൊഴിലാളികള്‍ കൈയ് മെയ് മറന്ന് നടത്തിയ ശ്രമത്തിന്റെ ഫലമാണിത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ആയിരത്തോളം ശുചീകരണ തൊഴിലാളികളാണ് ഈ ശ്രമത്തിന്റെ പിന്നിലുള്ളത്. എന്നാല്‍ ഒരു മാസമായിട്ടും ഇവരിലാര്‍ക്കും വേതനം ലഭിച്ചിട്ടില്ലെന്ന പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. വേതനം എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തിലും ഇവര്‍ക്ക് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടുമില്ല.
ദിവസത്തേക്ക് 100 രൂപ മാത്രം എന്ന നിലയില്‍ പ്രതിഫലം നല്‍കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികളില്‍ ഒരാളായ സാവിത്രി. ശുചീകരണ ജോലിക്ക് ആളുകള്‍ വേണമെന്ന പഞ്ചായത്തിന്റെ ആവശ്യം അനുസരിച്ചാണ് തൊഴിലാളികളെല്ലാം എത്തിയത്. ദിവസം ഇത്ര കഴിഞ്ഞിട്ടും നയാപൈസ തങ്ങള്‍ക്കിതുവരെ കിട്ടിയിട്ടില്ലെന്നും സാവിത്രി പറയുന്നു.
കഴിഞ്ഞ പത്ത് ദിവസമായി താന്‍ നഗരം മനോഹരമാക്കുന്നതിന്റെ തിരക്കിലായിരുന്നുവെന്ന് എസ് രമേശ് എന്ന തൊഴിലാളി പറയുന്നു. ദിവസവും ചെയ്യുന്നത് പോലെയുള്ള മാലിന്യ ശേഖരണമല്ല ഇപ്പോള്‍ നടക്കുന്നത്. രാവിലെ തുടങ്ങുന്ന അധ്വാനം അര്‍ധ രാത്രി വരെ നീളുകയാണെന്നും രമേശ് വ്യക്തമാക്കി.
ചൈനീസ് പ്രസിഡന്റ് ഇവിടെ എത്തുന്നതിന് തൊട്ടുമുന്‍പ് വരെ തൊഴിലാളികള്‍ ശുചീകരണ ജോലി ചെയ്യുന്നുണ്ടായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി മാലിന്യങ്ങള്‍ ശേഖരിക്കുന്നതടക്കമുള്ള ജോലി വരെ അവര്‍ ചെയ്തു. ഇത്രയൊക്കെ അതിധ്വാനം ചെയ്തിട്ടും ഇവര്‍ക്ക് അധിക വേതനമൊന്നും ആരും വാഗ്ദാനം ചെയ്തിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates