

ഭോപ്പാൽ : മധ്യപ്രദേശിൽ ബിജെപി തോൽപ്പിച്ച് അധികാരത്തിൽ തിരിച്ചെത്താൻ കോൺഗ്രസ് ഹിന്ദുത്വ കാർഡ് ഇറക്കുന്നു. പശുക്കൾക്ക് പഞ്ചായത്തുകളിൽ ഗോശാല, പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങിയവ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. രണ്ടു ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നും വാഗ്ദാനമുണ്ട്. ഇതുവഴി ഹിന്ദു വോട്ടുകളും കർഷക വോട്ടുകളും കൈക്കലാക്കാനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
വ്യാവസായികാടിസ്ഥാനത്തിൽ പശുമൂത്രവും ചാണകവും ഉൽപ്പാദിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും ഗോശാല, പശുക്കള്‍ക്ക് പ്രധാന റോഡുകളിൽ താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ, മേയാനും ചത്ത പശുക്കളെ അടക്കാനും സ്ഥലം എന്നിങ്ങനെ പോകുന്നു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. പശുവിനെ കശാപ്പ് ചെയ്യുന്നതു നിരോധിച്ച നിയമത്തിലെ വിവാദചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും പത്രികയിൽ പറയുന്നു. എന്നാൽ ഏത് ചട്ടങ്ങളാണെന്ന് വ്യക്തമാക്കിയിട്ടില്ല.
സർക്കാർ കെട്ടിടങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ നടത്തുന്നത് നിരോധിക്കുമെന്ന് പ്രകടനപത്രിക പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർ ശാഖകളിൽ പങ്കെടുക്കുന്നത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തിരുത്തും. അധ്യാത്മിക വകുപ്പും സംസ്കൃത സ്കൂളുകളും തുടങ്ങും. രാമപാത പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത് മദ്യം നിരോധിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കർഷകർക്ക് സാമൂഹിക സുരക്ഷ പെൻഷൻ, ഭൂമി രജിസ്ട്രേഷന് ഫീസ് ഇളവ്, ചെറുകിട കർഷകരുടെ പെൺകുട്ടികളുടെ വിവാഹത്തിന് 51, 000 രൂപ ധനസഹായം എന്നിവ പ്രകടനപത്രികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചു.
മറ്റു വാഗ്ദാനങ്ങൾ: സ്വാമിനാഥൻ കമീഷൻ ശിപാർശ അനുസരിച്ച് വിളകൾക്ക് മിനിമം താങ്ങുവില, കാർഷിക ഉപകരണങ്ങൾ വാങ്ങാനുള്ള വായ്പക്ക് 50 ശതമാനം സബ്സിഡി, നേർപകുതി വൈദ്യുതി നിരക്ക്, കഴിഞ്ഞ വർഷം പൊലീസ് വെടിവെപ്പിൽ ആറ് കർഷകർ കൊല്ലപ്പെട്ട മൻദ്സോർ സംഭവത്തിൽ പുനരന്വേഷണം, ഡീസൽ-പെട്രോൾ വിലയിൽ ഇളവ്, യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന വ്യവസായങ്ങൾക്ക് ആളൊന്നിന് പതിനായിരം രൂപ വീതം അഞ്ചു വർഷം ശമ്പളധനസഹായം, ജി.എസ്.ടി ഇളവ്, 100 കോടി നിക്ഷേപം നടത്തിയുള്ള വ്യവസായങ്ങൾക്ക് സബ്സിഡി നിരക്കിൽ വായ്പ, ദരിദ്ര കുടുംബങ്ങൾക്ക് 100 രൂപ പാചകവാതക സബ്സിഡി, പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, 60 വയസ്സുകഴിഞ്ഞ ജേർണലിസ്റ്റുകൾക്ക് ധനസഹായം.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആണ് 112 പേജുള്ള പത്രിക പുറത്തിറക്കിയത്. പ്രചാരണ സമിതി അധ്യക്ഷൻ ജ്യോതിരാദിത്യ സിന്ധ്യ, മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാണന്നും, മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ നിശ്ചയിക്കുമെന്നും മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates