ഭോപ്പാൽ: കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന്റെ മകൻ പ്രബൽ പട്ടേൽ വധശ്രമക്കേസിൽ അറസ്റ്റിൽ. നരസിംഹപുർ ജില്ലയിൽ തിങ്കളാഴ്ച അർധരാത്രി നടന്ന സംഘർഷത്തിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഹോം ഗാർഡ് ഈശ്വർ റായി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രബൽ പട്ടേലിനൊപ്പം ആറ് പേർകൂടി കേസിൽ അറസ്റ്റിലായിട്ടുണ്ട്.
മധ്യപ്രദേശ് എംഎൽഎ ജലാംസിംഗ് പട്ടേലിന്റെ മകന് മോനു പട്ടേലും കേസിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുന്ന രണ്ട് യുവാക്കളെയാണ് പ്രബലും മോനുവും സുഹൃത്തുക്കളും ചേർന്ന് മർദ്ധിച്ച് അവശരാക്കിയത്. ഇവരെ പിന്നീട് ഈശ്വർ റായിയുടെ വീട്ടിലെത്തിച്ചു. ഈശ്വർ റായിയുടെ മകൻ പ്രബലിന്റെ സുഹൃത്തായിരുന്നെങ്കിലും ഇടയ്ക്കു പിരിഞ്ഞിരുന്നു.
റായിയുടെ മകനെ പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പ് ദണ്ഡും ബേസ്ബോൾ ബാറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഈശ്വർ റായിക്ക് പരിക്കേറ്റത്. ഒരാൾക്കു നേരെ വെടിവച്ചെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates