

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനെതിരെയും ഗുരുതര ആരോപണം ഉയര്‍ന്നത് ബിജെപിയ്ക്ക് തലവേദനയാകുന്നു. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിട്ട 'ദ വയര്‍' വാര്‍ത്താപോര്‍ട്ടലാണ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിന്റെ സംഘടനക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശൗര്യ മുഖ്യനടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് വിദേശ ആയുധ വിമാന കമ്പനികളില്‍ നിന്നും സംഭാവന ലഭിക്കുന്നുവെന്നാണ് 'ദ വയര്‍'ന്റെ വെളിപ്പെടുത്തല്‍.
രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന ഗവേഷണ സ്ഥാപനമാണ് ഇന്ത്യ ഫൗണ്ടേഷന്‍. ശൗര്യ മുഖ്യ നടത്തിപ്പുകാരനായ ഫൗണ്ടേഷനില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു, കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ശൗര്യ ഡോവലും ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും ചേര്‍ന്നാണ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷണ-ചര്‍ച്ചാ വേദികളില്‍ ഒന്നായി ഫൗണ്ടേഷന്‍ മാറിയതായി ദ വയര്‍ ആരോപിക്കുന്നു.
നയരൂപീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന സംഘടനയില്‍ കേന്ദ്ര പ്രതിരോധമന്ത്രി ഡയറക്ടറായി ഇരിക്കുന്നത് താല്‍പ്പര്യങ്ങളുടെ സംഘര്‍ഷത്തിന് ഇടയാക്കുന്നു. കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകനാണ് സംഘടനയുടെ പ്രധാനി എന്നത് പ്രശ്‌നം കൂടുതല്‍ ഗൗരവമേറിയതാക്കുന്നു. കേന്ദ്ര വ്യോമയാന സഹമന്ത്രി ഡയറക്ടറായ ഫൗണ്ടേഷന്റെ ചില സെമിനാറുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് ബോയിങ് കമ്പനിയാണ്. ബോയിങ് കമ്പനികളില്‍ നിന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ദ വയര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ ആയുധ-വിമാന കമ്പനികള്‍ക്ക് പുറമെ, വിദേശ ബാങ്കുകളില്‍ നിന്നും ഫൗണ്ടേഷന് സഹായം ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താപോര്‍ട്ടല്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates