

ജയ്പൂര്‍ : രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എംഎല്‍എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. നിയമസഭ സ്പീക്കര്‍ സി പി ജോഷിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. സച്ചിനും കൂട്ടരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം.
കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാൻ സ്പീക്കർ നൽകിയ നോട്ടിസിനെതിരെയാണ് സച്ചിനും 18 വിമത എംഎൽഎമാരും കോടതിയെ സമീപിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കേസിൽ വിധി പറയാനായി കോടതി ഹർജി 24 ലേക്ക് മാറ്റിവെച്ചതായി സ്പീക്കർ സി പി ജോഷിയുടെ അഭിഭാഷകൻ പ്രതീക് കാസ്ലിവാൾ പറഞ്ഞു.
ഉൾപ്പാർട്ടി ചർച്ചകൾ അനുവദനീയമാണെന്നും അതിനെ മൂല്യമില്ലാത്ത കൂറുമാറലായി പരിഗണിക്കരുതെന്നും പൈലറ്റിനും 18 വിമത എംഎൽഎ.മാർക്കും വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാൽവേ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയ്ക്ക് സ്പീക്കർ എംഎൽഎമാർക്ക് അയോഗ്യതാ നോട്ടീസ് നൽകിയത് നിയമസഭാംഗത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ലംഘിക്കലാണെന്നും സാൽവേ അഭിപ്രായപ്പെട്ടു.
അതേസമയം, വിമതരെ പുറത്താക്കാനുള്ള നടപടികളുമായി പാർട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങി. വിധി പ്രതികൂലമാകുന്നപക്ഷം ഈയാഴ്ച തന്നെ നിയമസഭ വിളിച്ചുകൂട്ടി വിശ്വാസപ്രമേയം അവതരിപ്പിക്കാൻ മുഖ്യമന്ത്രി ആലോചിക്കുന്നതായാണ് വിവരം. സച്ചിനടക്കം 19 എംഎൽഎമാർക്കു സ്ഥാനം നഷ്ടപ്പെട്ടാൽ നിയമസഭയുടെ അംഗസംഖ്യ 181 ആയി കുറയും. ഇതോടെ 104 പേരുടെ പിന്തുണ അവകാശപ്പെടുന്ന ഗെഹലോട്ടിനു ഭൂരിപക്ഷം നേടാനാകുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates