

ന്യൂഡല്‍ഹി: സമ്പന്നര്‍ സബ്‌സിഡികള്‍ ഉപേക്ഷിക്കണമെന്ന പ്രചാരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുപോവുമ്പോള്‍ സമാനമായ നിര്‍ദേശം പാര്‍ലമെന്റ് അംഗങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേണ്ടെന്നു വയ്ക്കണമെന്ന് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് നല്‍കിയ കത്തിലാണ് വരുണ്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ളത്.
ഈ സഭയുടെ ശേഷിക്കുന്ന കാലം ശമ്പളവും ആനുകൂല്യങ്ങളും ഉപേക്ഷിക്കാന്‍ എംപിമാര്‍ തയാറാവണമെന്ന് കത്തില്‍ പറയുന്നു. പ്രതിനിധികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തിരിച്ചുപിടിക്കാന്‍ അത് ഉപകരിക്കുമെന്നാണ് വരുണ്‍ അഭിപ്രായപ്പെടുന്നത്.
രാജ്യത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം അനുനിമിഷം വര്‍ധിച്ചുവരികയാണ്. ജനാധിപത്യത്തെ സംബന്ധിച്ച് അത്യന്തം ദോഷകരമാണ് ഇത്. രാജ്യത്തിന്റെ സാമുഹ്യ, സാമ്പത്തിക അവസ്ഥയോട് ഏറ്റവും ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ടത് ജനപ്രതിനിധികളാണ്. അതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് വരുണ്‍ പറയുന്നു.
അന്‍പതിനായിരം രൂപയാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം. നാല്‍പ്പത്തി അയ്യായിരം രൂപ മണ്ഡലഅലവന്‍സായും പ്രതിമാസം ലഭിക്കും. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഒരു എംപിക്കായി സര്‍ക്കാര്‍ ഓരോ മാസവും 2.7 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കെന്ന് വരുണ്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2009ല്‍ ഒരു കോടിയിലേറെ സമ്പത്തുള്ള എംപിമാരുടെ എണ്ണം 319 ആയിരുന്നു. 2018ല്‍ അത് 449 ആയിഉയര്‍ന്നു. 132 ലോക്‌സഭാംഗങ്ങള്‍ക്ക് പത്തു കോടിയിലേറെ സ്വത്തുണ്ട്. പതിനാറാം ലോക്‌സഭയില്‍ ഒരു എംപിയുടെ ശരാശരി സമ്പത്ത് 14.61 കോടിയാണെന്നും വരുണ്‍ കത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates