സര്‍ക്കാര്‍ ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയിലേക്ക് ; ചികില്‍സയ്ക്ക് രണ്ടുതരം ഫീസ് ; പുതിയ പദ്ധതിയുമായി നീതി ആയോഗ്
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം നീതി ആയോഗിന്റെ പരിഗണനയിലാണ്. സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും ജില്ലാ ആശുപത്രികളെയും തമ്മില്‍ പൊതുസ്വകാര്യ പങ്കാളിത്തതില്‍ ബന്ധിപ്പിക്കാനാണ് നീതി ആയോഗിന്റെ പദ്ധതി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നീതി ആയോഗ് പുറത്തിറക്കിയ 250 പേജുള്ള ഡോക്കുമെന്റിലാണ് ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നത്. ഡോക്ടര്‍മാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത്. നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ സ്വകാര്യ മെഡിക്കല്‍ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കും. ഇതിലൂടെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ ചിലവ് ക്രമീകരിക്കാനാവുമെന്നുമാണ് കണക്കുക്കൂട്ടല്‍.
മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനൊപ്പം ഇതുമായി ബന്ധിപ്പിക്കുന്ന ജില്ലാ ആശുപത്രികളുടെയും നടത്തിപ്പും വികസനവും സ്വകാര്യ പങ്കാളിയുടെ ചുമതലയാകും. ചുരുങ്ങിയത് 750 ബെഡ്ഡുകളെങ്കിലുമുള്ള ജില്ലാ ആശുപത്രികളാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. ജില്ലാ ആശുപത്രികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതോടെ രണ്ടുതരത്തിലുള്ള ഫീസുകളാവും കിടത്തി ചികിത്സയ്ക്ക് ഈടാക്കുക. പകുതി കിടക്കകള്‍ക്ക് സ്വകാര്യമേഖലയിലെ നിരക്കാവും വാങ്ങുക. സൗജന്യചികിത്സയ്ക്ക് അര്‍ഹരായവര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള ചികിത്സ തുടരുകയും ചെയ്യും. ഇതാണ് കരടിലെ പ്രധാന നിര്‍ദേശം. 50: 50 അനുപാതത്തില്‍ വിഭജിക്കാനാണ് പദ്ധതിയിടുന്നത്.
സ്വകാര്യമേഖലയില്‍നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചശേഷം വിശദമായ പദ്ധതി തയ്യാറാക്കും. ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കും. പുതിയ പദ്ധതിയിലൂടെ മെഡിക്കല്‍ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്‌നങ്ങളും ഡോക്ടര്‍മാരുടെ കുറവുകളും അടക്കം പരിഹരിക്കപ്പെടുമെന്നാണ് നീതി ആയോഗിന്റെ കണക്കുക്കൂട്ടല്‍. മാത്രമല്ല, പകുതി ബെഡ്ഡുകള്‍ക്ക് സ്വകാര്യ മേഖലയിലെ നിരക്ക് ഈടാക്കുന്നതോടെ, അവശേഷിക്കുന്ന ബെഡ്ഡിലുള്ള പാവപ്പെട്ടവര്‍ക്ക് മികച്ച ചികില്‍സ നല്‍കുന്നതിനുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കപ്പെടുമെന്നും വിലയിരുത്തുന്നു.
എന്നാല്‍ പുതിയ പദ്ധതിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ അടക്കം ആരോഗ്യരംഗത്തെ നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിര്‍ധനരായവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്ന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഇത് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള പദ്ധതി പാവപ്പെട്ടവര്‍ക്ക് മികച്ച ചികില്‍സ ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് ജന്‍ സ്വാസ്ഥ്യ അഭിയാന്‍ നാഷണല്‍ കോ-കണ്‍വീനര്‍ ഡോ. അഭയ് ശുക്ല പറഞ്ഞു. ദശാബ്ദങ്ങളായി നിലവിലുള്ള പൊതു ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ കയ്യിലുള്ള അമൂല്യ രത്‌നം പോളിഷ് ചെയ്യാന്‍ പണമില്ലെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് തുല്യമാണ് നീതി ആയോഗിന്റെ കരട് പദ്ധതിയെന്നും ഡോ. അഭയ് ശുക്ല പറഞ്ഞു. അസോസിയേഷന്‍ ഓഫ് ഡോക്ടേഴ്‌സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയറും നീതി ആയോഗിന്‍രെ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

