ഹിന്ദുത്വ തീവ്രവാദികള്‍ വിമര്‍ശകരെ കായിക ശക്തികൊണ്ടു നേരിടുന്നു: കമല്‍

സാമൂഹ്യ നീതിയുടെ കാര്യത്തില്‍ തമിഴ്‌നാട് മാതൃകയാകണമെന്നും കേരളമാണ് ഇക്കാര്യത്തില്‍ വഴികാട്ടിയെന്നും കമല്‍ഹാസന്‍
കമല്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ (ഫയല്‍)
കമല്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ (ഫയല്‍)
Updated on
1 min read

ചെന്നൈ: തമിഴ് ജനതയുടെ ഉത്സവങ്ങളെ ഹിന്ദുത്വ തീവ്രവാദികള്‍ കായിക ശക്തിയുടെയും അക്രമത്തിന്റെയും പ്രദര്‍ശനമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. വിമര്‍ശകരെ കായിക ശക്തികൊണ്ടാണ് ഹിന്ദു തീവ്രവാദികള്‍ നേരിടുന്നതെന്ന് കമല്‍ ഹാസന്‍ കുറ്റപ്പെടുത്തി. തമിഴ് വാരികയിലെ പ്രതിവാര പംക്തിയിലാണ് കമല്‍ഹാസന്റെ വിമര്‍ശനം. ഇതിനു പിന്നാലെ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. 

തമിഴ് സംസ്‌കാരത്തെ ഹിന്ദു തീവ്രവാദികള്‍ ഇല്ലാതാക്കുമോയെന്ന്, നേരത്തെ കമല്‍ഹാസനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പ്രതികരണമെന്ന നിലയിലാണ് ആനന്ദവികടനില്‍ കമല്‍ പംക്തി എഴുതിയിരിക്കുന്നത്. മുന്‍പ് അക്രമ മാര്‍ഗത്തിലേക്കു കടക്കാത്തവരായിരുന്നു ഹിന്ദു വലതുപക്ഷ വിഭാഗങ്ങളെന്ന് കമല്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല അവസ്ഥ. ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതിനു പകരം അവര്‍ അക്രമം നടത്തുകയാണ്. കായിക ശക്തിയാണ് ഇപ്പോള്‍ അവരുടെ ശക്തി. വിമര്‍ശകരെ അവര്‍ അങ്ങനെയാണ് നേരിടുന്നതെന്ന് കമല്‍ ചൂണ്ടിക്കാട്ടി.

ഹിന്ദു ഭീകരതയെക്കുറിച്ചു പറയുന്ന ഒരാളോടും എതിര്‍ത്തുനില്‍ക്കാന്‍ വലതുപക്ഷത്തിനാവില്ല. കാരണം ഹിന്ദു ഭീകരത ഒരു സത്യമാണ്. അതവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും കമല്‍ അഭിപ്രായപ്പെട്ടു.

സത്യമേവ ജയതേ എന്നതിലൊക്കെ ആളുകള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കരുത്താണ് ഇ്‌പ്പോള്‍ ജയിക്കുന്നത്. അത് മനുഷ്യരെ മനുഷ്യരല്ലാതാക്കി മാറ്റിയെന്നും കമല്‍ ഹാസന്‍ പംക്തിയില്‍ അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതിയുടെ കാര്യത്തില്‍ തമിഴ്‌നാട് മാതൃകയാകണമെന്നും കേരളമാണ് ഇക്കാര്യത്തില്‍ വഴികാട്ടിയെന്നും കമല്‍ഹാസന്‍ പറഞ്ഞു. 

കോളത്തില്‍ കമല്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ചര്‍ച്ചയായതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്തുവന്നു. ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനയാണ് കമലിന്റേതെന്ന് ബിജെപി വക്താവ് തിരുപ്പതി നാരായണന്‍ പറഞ്ഞു. കമലിനെപ്പോലുള്ള താരങ്ങള്‍ കുറച്ചെങ്കിലും ഉത്തവാദിത്വത്തോടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ബിജെപി വക്താവ് അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com