

ബംഗളൂരു: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. 218 പേരുടെ പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്. 224 സീറ്റുകളുള്ള നിയമസഭയില്‍ ഇനി ആറ് മണ്ഡലങ്ങളിലേക്ക് മാത്രമാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ ജനവിധി തേടും. അതേസമയം 14 സിറ്റിംഗ് എംഎൽഎമാർക്ക് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടാനായിട്ടില്ല.
ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാൻ ബിജെപിയും ജെഡിഎസും യോജിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്, മുഖ്യമന്ത്രിയ്ക്ക് സുരക്ഷിതമായ മറ്റൊരു മണ്ഡലം കൂടി തേടുന്നതായ വാർത്തകൾ പുറത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം കോൺഗ്രസ് ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തിരുന്നു. അതേസമയം, ആറു സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ അവയിൽ ഒന്നിൽക്കൂടി സിദ്ധരാമയ്യ മൽസരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
2008 മുതൽ സിദ്ധരാമയ്യ മൽസരിച്ചുവരുന്ന വരുണ മണ്ഡലത്തിൽ ഇത്തവണ മകൻ ഡോ. യതീന്ദ്ര മൽസരിക്കും. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളും നിയമമന്ത്രി ടി.ബി ജയചന്ദ്രയുടെ മകന്‍ സന്തോഷ് ജയചന്ദ്രയും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജയനഗറിൽനിന്നാണ് സൗമ്യ ജനവിധി തേടുക. ബെംഗളൂരു മേയർ സമ്പത്ത് രാജ് സിവി രാമൻ നഗറിൽ മൽസരിക്കും. മലയാളികളായ കെ.ജെ ജോര്‍ജും യു.ടി ഖാദറും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. അംബരീഷ് മാണ്ഡ്യയില്‍ നിന്ന് വീണ്ടും മത്സരിക്കും.
അതേസമയം, മുതിര്‍ന്ന നേതാവ് എന്‍എ ഹാരിസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. ബാറിൽ വെച്ച് യുവാവിനെ അതിക്രൂരമായി മർദ്ദിച്ച മകന്റെ പേരിൽ വിവാദക്കുരുക്കിലായതാണ് ഹാരിസിന്റെ സീറ്റ് തുലാസിലാക്കിയിരിക്കുന്നത്. എന്‍എ ഹാരിസിന്റെ ശാന്തിനഗര്‍ ഉള്‍പ്പടെ ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്.
മേളുക്കോട്ടെ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസം മുമ്പ് അന്തരിച്ച പ്രമുഖ കര്‍ഷക നേതാവ് പുട്ടണൈയ്യയുടെ മകന്‍ ദര്‍ശന്‍ പുട്ടണൈയ്യ സ്വരാജ് ഇന്ത്യ സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കുന്നുണ്ട്. ദര്‍ശനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്നും സൂചനകളുണ്ട്.
224 അംഗ നിയമസഭയിലേക്ക് മെയ് 12-നാണ് വോട്ടെടുപ്പ്. മെയ് 15-ന് വോട്ടെണ്ണൽ നടക്കും. മുഖ്യപ്രതിപക്ഷമായ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പ ശിക്കാരിപ്പുരയിൽ നിന്നാണ് ജനവിധി തേടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates