സിന്‍ഹ അമ്പലങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ കുപിതനായി മൗര്യ അമിത് ഷായെ വിളിച്ചു, ആദിത്യനാഥ് മുഖ്യമന്ത്രിയായതിങ്ങനെ 

സിന്‍ഹ അമ്പലങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ കുപിതനായി മൗര്യ അമിത് ഷായെ വിളിച്ചു, ആദിത്യനാഥ് മുഖ്യമന്ത്രിയായതിങ്ങനെ 

കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നീക്കം നടത്തിയപ്പോള്‍ കടുത്ത അതൃപ്തിയോടെ സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ നടത്തിയ ഇടപെടലാണ് യോഗിയെ പുതിയ പദവിയില്‍ എത
Published on

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍എസ്എസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് യോഗി ആ സ്ഥാനത്തെത്തിയത് എന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പോലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നീക്കം നടത്തിയപ്പോള്‍ കടുത്ത അതൃപ്തിയോടെ സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ നടത്തിയ ഇടപെടലാണ് യോഗിയെ പുതിയ പദവിയില്‍ എത്തിച്ചത് എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.

കേന്ദ്രമന്ത്രി മനോജ് സിന്‍ഹ മുഖ്യമന്ത്രിയാവുമെന്ന് ശനിയാഴ്ച രാവിലെ മുതല്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണ മനോജ് സിന്‍ഹയ്ക്കായിരുന്നു. എന്നാല്‍ സിന്‍ഹയെ മുഖ്യമന്ത്രിയാക്കുന്നതിനോട് പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് നിയമസഭാകക്ഷിയോഗം ഒരു ദിവസം മാറ്റിവച്ചത്. പ്രാദേശിക നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ശനിയാഴ്ച സന്‍ഹയെത്തന്നെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ പരിപാടി. 

മുഖ്യമന്ത്രിയായി നിയോഗിക്കുന്ന കാര്യം പാര്‍ട്ടി സിന്‍ഹയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിന്‍ഹ മോദിയുടെ മണ്ഡലത്തിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശശനം നടത്തിയത്. എന്നാല്‍ ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ കേശവ് പ്രസാദ് മൗര്യ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ ശക്തമായ പ്രതിഷേധം അറിയിക്കുകയായിരുന്നു. സിന്‍ഹയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ നിയമസഭാകക്ഷിയോഗത്തില്‍ ഏകകണ്ഠമായ തീരുമാനം ഉണ്ടാവില്ലെന്ന് മൗര്യ അമിത് ഷായെ അറിയിച്ചു. ഇതിനു ശേഷം അമിത് ഷാ പ്രധാനമന്ത്രിയുമായും സംഘ നേതൃത്വവുമായും നടത്തിയ ആശയവിനിമയത്തിലാണ് യോഗി ആദിത്യനാഥിന്റെ പേര് ഉയര്‍ന്നുവന്നത്. 

ഗുജറാത്തില്‍ നിതിന്‍ പട്ടേലിന് സംഭവിച്ചതു തന്നെയാണ് യുപിയില്‍ മനോജ് സിന്‍ഹയ്ക്കും നേരിടേണ്ടവന്നത് എന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ആനന്ദിബെന്‍ പട്ടേലനെ മാറ്റിയപ്പോള്‍ നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം വിജയ് രുപാനിയുടെ പേര് നിര്‍ദേശിക്കപ്പെടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com